പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം; ഉന്നതതല ദൗത്യസംഘം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം;  ഉന്നതതല ദൗത്യസംഘം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രമുഖ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനി നയിക്കുന്ന ഉന്നതതല ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, സുതാര്യത, സാങ്കേതിക സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, വേഗത്തിലുള്ള നീതിക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ പരീക്ഷാ സംവിധാനം വിശ്വസനീയമായിരിക്കണം. സുതാര്യമായിരിക്കണം. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം,” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിക്ഷാ നടപടികൾ മാത്രം മതിയാകില്ലെന്നും, ഭാവിയിലെ പരീക്ഷകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനുള്ള ദീർഘകാല പരിഷ്‌കാരങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നീറ്റ്-യുജി 2026 പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാര നടപടികൾക്ക് കേന്ദ്രം വേഗം കൂട്ടിയത്. റദ്ദാക്കിയ പരീക്ഷയ്ക്ക് പകരം ജൂൺ 21ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.