" ഫ്രാൻസ് ഞങ്ങളെ ഭയക്കണം" ! സെമിക്ക് മുൻപേ വെല്ലുവിളിയുമായി ലമീൻ യമാൽ

ഡാളസ്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 1-2 എന്ന സ്കോറിന് തോൽപിച്ച് സെമിയിൽ കടന്ന സ്പെയിൻ, ഫ്രാൻസിനെതിരായ വരാനിരിക്കുന്ന പോരാട്ടത്തിന് തയ്യാറെടുക്കുന്നു. സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ബെൽജിയത്തിനെതിരായ മത്സരത്തിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
ഈ ടൂർണമെന്റിൽ ഫ്രാൻസിന് ആരെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെ മാത്രമാണെന്ന് യമാൽ വ്യക്തമാക്കി. “ഞങ്ങൾക്ക് ആരെയും ഭയമില്ല. മുൻപ് അവരെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയത് ഞങ്ങളാണ്, കഴിഞ്ഞ രണ്ട് കളികളിലും ഞങ്ങൾ അവരെ തോൽപിച്ചിട്ടുണ്ട്. അതിനാൽ ഫ്രാൻസ് ഞങ്ങളെയാണ് ഭയപ്പെടേണ്ടത്,” യമാൽ പറഞ്ഞു. ജൂലൈ 14-ന് ഡാളസിലാണ് ഇരു ടീമുകളും തമ്മിലുള്ള സെമി ഫൈനൽ മത്സരം. കഴിഞ്ഞ യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനെ സ്പെയിൻ 2-1ന് തോൽപിച്ച ചരിത്രവും താരം ഓർമ്മിപ്പിച്ചു. അന്ന് ബോക്സിന് പുറത്തുനിന്ന് യമാൽ നേടിയ മനോഹരമായ ഗോൾ വലിയ ശ്രദ്ധ നേടിയിരുന്നു.ഈ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് അക്കൗണ്ടിലുള്ളതെങ്കിലും, 17 ഗോളവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചാൻസുകൾ ക്രിയേറ്റ് ചെയ്ത താരമാണ് യമാൽ. വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് തനിക്ക് വലിയ ആകുലതകളില്ലെന്നും, ടീമിന്റെ വിജയത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോ കപ്പിലും ഒരു ഗോൾ മാത്രം നേടി വിജയിച്ച കാര്യം താരം ചൂണ്ടിക്കാട്ടി.

കിലിയൻ എംബാപ്പെയും ലമീൻ യമാലും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഈ സെമി ഫൈനൽ. എംബാപ്പെ 8 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ മുൻപന്തിയിലുണ്ട്. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന സ്പെയിൻ, രണ്ടാം ലോകകപ്പ് ഫൈനലാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത്, തുടർച്ചയായ മൂന്നാം ഫൈനൽ എന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസ് കളത്തിലിറങ്ങുന്നത്.