മൺസൂൺ ബമ്പർ: ഒന്നാം സമ്മാനം പത്തുകോടി കണ്ണൂർ,തോട്ടട സ്വദേശിക്ക്

മൺസൂൺ ബമ്പർ:  ഒന്നാം സമ്മാനം  പത്തുകോടി കണ്ണൂർ,തോട്ടട സ്വദേശിക്ക്

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ  കോർപറേഷൻ പരിധിയിലെ തോട്ടട സ്വദേശിക്ക്. തോട്ടട ടൗണിൽ നിന്നു വില്പന നടത്തിയ എംസി 576896 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. എന്നാൽ, സമ്മാനാർഹനായ വ്യക്തിയോ കുടുംബമോ തങ്ങളുടെ പേരോ വിവരങ്ങളോ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല. സാധാരണ കുടുംബ പശ്ചാത്തലമുള്ള ഇവർ വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ടിക്കറ്റ് പൊതുമേഖലാ ബാങ്കിൽ കൈമാറുമെന്നാണ് സൂചന.

തോട്ടടയിൽ കാവേരി സബ് ഏജൻസി സ്റ്റാൾ നടത്തുന്ന ബംഗാൾ സ്വദേശിയായ ലോട്ടറി വില്പനക്കാരനിൽ നിന്നാണ് ഭാഗ്യശാലി ഈ ടിക്കറ്റ് വാങ്ങിയത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ മനോജ് എന്നയാൾ നടത്തുന്ന കാവേരി ഏജൻസിയാണ് തോട്ടടയിൽ വിൽപ്പനയ്ക്കായി  ഈ ടിക്കറ്റ് നൽകിയത്. സമ്മാന വിവരം പുറത്തുവന്നതിന് പിന്നാലെ, മാധ്യമങ്ങളെ ഒഴിവാക്കാനും കണ്ണൂരിലെ മെയിൻ ഏജന്റിനെ കാണാനുമായി ബംഗാൾ സ്വദേശിയായ സബ് ഏജന്റ്  തോട്ടടയിലെ സ്റ്റാൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്.

ഒന്നാം സമ്മാനമായ 10 കോടി രൂപയിൽ ഏജൻസി കമ്മീഷനും നികുതിയും കുറച്ചതിനു ശേഷം 7,01,87,500 രൂപയാണ് ജേതാവിന് ലഭിക്കുക. ഇതിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർചാർജ്, ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയും കിഴിക്കുന്നതോടെ ഏകദേശം ആറ് കോടി 30 ലക്ഷം രൂപയാകും ഭാഗ്യശാലിയുടെ കൈകളിൽ എത്തുക. 250 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ട് വർഷം മുൻപും വിഷു ബമ്പർ സമ്മാനം കണ്ണൂരിലെ ഇരിട്ടി സ്വദേശിക്ക് ലഭിച്ചിരുന്നു. റെക്കോർഡ് വില്പനയാണ് ഇത്തവണ മൺസൂൺ ബമ്പറിന് ലഭിച്ചത്; ഏകദേശം 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.