രാഷ്‌ട്രീയം മലിനമായി! 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ
ബംഗളൂരു: പ്രായക്കൂടുതലും രാഷ്ട്രീയം അങ്ങേയറ്റം മലിനമായെന്നും ചൂണ്ടിക്കാട്ടി 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും ജനങ്ങളുടെ ദുരിതങ്ങൾക്കും ക്ഷേമത്തിനും വേണ്ടി ശബ്‌ദമുയർത്തുന്നത് തുടരുമെന്നും സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു. മൈസൂരിലെ വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. മുൻപ് മത്സരിച്ചപ്പോൾ, മണ്ഡലത്തിലെ ജനങ്ങളാണ് ഞങ്ങളെ സാമ്പത്തികമായി സഹായിക്കുകയും വിജയം ഉറപ്പാക്കുകയും ചെയ്‌തിരുന്നത്. ഇന്ന് ആ സാഹചര്യം നിലവിലില്ല." "എനിക്ക് ഇപ്പോൾ 79 വയസ്സുണ്ട്. ഞങ്ങളുടെ (കോൺഗ്രസ്) സർക്കാരിൻ്റെ കാലാവധി ഇനി ഒന്നര വർഷം കൂടിയുണ്ട്. അപ്പോഴേക്കും എനിക്ക് 81-82 വയസ്സാകും. എൻ്റെ ആരോഗ്യം ഇപ്പോഴുള്ളതുപോലെ ശക്തമായിരിക്കില്ലായിരിക്കാം, അതുപോലെ പഴയതുപോലെ ഊർജ്ജസ്വലതയോടെയും ആവേശത്തോടെയും പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല," സിദ്ധരാമയ്യ കുറിച്ചു.2028 ആകുമ്പോഴേക്കും തനിക്ക് 82 വയസ്സുണ്ടാകുമെന്നും അപ്പോഴേക്കും പൊതുജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയിട്ടുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 1978-ൽ താലൂക്ക് ബോർഡ് അംഗമായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. വിജയവും പരാജയവും കണ്ടിട്ടുണ്ടെന്നും എന്നാൽ താന്‍ വിശ്വസിച്ചിരുന്ന തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ മനഃസാക്ഷിയെ വഞ്ചിക്കുകയോ ചെയ്‌തിട്ടില്ലെന്ന സംതൃപ്‌തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ രാഷ്ട്രീയക്കാർക്ക് ജനങ്ങൾക്ക് പണം നൽകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കോൺഗ്രസ് സിദ്ധരാമയ്യ പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം അങ്ങേയറ്റം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽക്കാൻ വലിയ ഇടമൊന്നുമില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ, ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു."അഞ്ച് പതിറ്റാണ്ടുകളായി ഈ സംസ്ഥാനത്തെ ജനങ്ങൾ എന്നെ തങ്ങളിലൊരാളായി കാണുകയും സ്നേഹവും പിന്തുണയും നൽകി അനുഗ്രഹിക്കുകയും ചെയ്‌തു. അവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അതിനാൽ, എൻ്റെ ശേഷിക്കുന്ന ജീവിതം പൊതുസേവനത്തിനായി ഞാൻ സമർപ്പിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, 2023-ലെ തെരഞ്ഞെടുപ്പ് തൻ്റെ അവസാനത്തേതായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിദ്ധരാമയ്യ തൻ്റെ പഴയ മണ്ഡലമായ വരുണയിൽ മത്സരിക്കുകയും അവിടെ നിന്ന് വീണ്ടും വിജയിക്കുകയും ചെയ്‌തിരുന്നു. അത് തൻ്റെ അവസാന തെരഞ്ഞെടുപ്പായിരിക്കാമെന്നും എന്നാൽ അതിനുശേഷവും രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.