കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രല്‍ഹാദ് ജോഷി

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായ പ്രല്‍ഹാദ് ജോഷി ചുമതലയേറ്റു. ഇനി മുതൽ ഉപഭോക്തൃകാര്യ മന്ത്രി എന്ന പദവിക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. കടമബോധത്തോടെയും വിനയത്തോടെയും താൻ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രല്‍ഹാദ് ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"പ്രധാനമന്ത്രി മോദിയുടെ സർക്കാർ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ നിരവധി ചരിത്ര നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനുള്ളിൽ ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയും നിരവധി പ്രധാന സംരംഭങ്ങൾ ഏറ്റെടുക്കുകയും ചെയ്തു" പ്രല്‍ഹാദ് ജോഷി പറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം, എൻ്റെ കഴിവിൻ്റെ പരമാവധി നിർവഹിക്കാനും എൻ്റെ ഉത്തരവാദിത്തങ്ങൾ സമർപ്പണത്തോടെ നിറവേറ്റാനും ഞാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75ലെ ക്ലോസ് (2) പ്രകാരം, കേന്ദ്ര മന്ത്രിസഭാഗം ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതായും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, നിലവിലുള്ള വകുപ്പിന് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതല കാബിനറ്റ് മന്ത്രി പ്രല്‍ഹാദ് ജോഷിക്ക് നൽകാൻ രാഷ്ട്രപതി നിർദ്ദേശിച്ചതായും" രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇന്നലെ കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതോടെയാണ് പ്രല്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതല സർക്കാർ കൈമാറിയത്. ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രാബല്യത്തിൽ വന്നതോടെ പ്രല്‍ഹാദ് ജോഷി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതലയോടൊപ്പം അദ്ദേഹത്തിൻ്റെ നിലവിലുള്ള വകുപ്പും തുടരും.
കർണാടകയിലെ ധാർവാഡ് നിയോജകമണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായ പ്രല്‍ഹാദ് ജോഷി ഉപഭോക്തൃകാര്യം, ഭക്ഷ്യ, പൊതുവിതരണം, നവ, പുനരുപയോഗ ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിക്കുന്നത്. മുൻപ് കൽക്കരി, ഖനി, പാർലമെൻ്ററി കാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.