എംഎൽഎമാരും പാർട്ടി പ്രവർത്തകരും എത്തിയില്ല; മധുരയിൽ ചടങ്ങ് ബഹിഷ്കരിച്ച് ടിവികെ മന്ത്രി നിർമൽ കുമാർ

എംഎൽഎമാരും പാർട്ടി പ്രവർത്തകരും എത്തിയില്ല; മധുരയിൽ ചടങ്ങ് ബഹിഷ്കരിച്ച് ടിവികെ മന്ത്രി നിർമൽ കുമാർ

ചെന്നൈ: എംഎൽഎമാരുടെയും പാർട്ടി ഭാരവാഹികളുടെയും കൂട്ടത്തോടെയുള്ള അസാന്നിധ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ചടങ്ങിൽനിന്ന് വേദി വിട്ടിറങ്ങി മന്ത്രി നിർമൽ കുമാർ. മധുര മെഡിക്കൽ കോളജ് കാമ്പസിൽ നടന്ന പരിപാടിയിൽ നിന്നുമാണ് എത്തിയ വേഗതയിൽ തന്നെ മന്ത്രി മടങ്ങിയത്.​മധുര ഗവൺമെൻ്റ് ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പുസ്തക പ്രകാശന ചടങ്ങിലേക്കാണ് മന്ത്രി നിർമൽ കുമാറിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. ഇന്ന് രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങിൽ മധുര നോർത്ത് ടിവികെ എംഎൽഎ കല്ലണൈ, മധുര സൗത്ത് ടിവികെ എംഎൽഎ ഗോപിസൻ എന്നിവരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിരുന്നു. ഇവരുടെ പേരുകൾ ക്ഷണക്കത്തിലും അച്ചടിച്ചിട്ടുണ്ടായിരുന്നു.​രാവിലെ 9.50-ഓടെ തന്നെ മന്ത്രി നിർമൽ കുമാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. സംഘാടകർ അദ്ദേഹത്തിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും, അദ്ദേഹം വേദിയിലേക്ക് കയറി സദസ്സിലുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, ചടങ്ങ് തുടങ്ങാറായിട്ടും പ്രത്യേക അതിഥികളായ എം.എൽ.എമാർ ആരും തന്നെ എത്തിയിരുന്നില്ല.എം.എൽ.എമാരും മറ്റ് പ്രമുഖരും വരാനുണ്ടെന്ന വിവരം സംഘാടകർ അറിയിച്ചതോടെ മന്ത്രി അതൃപ്തി പരസ്യമാക്കി. നിലവിളക്ക് കൊളുത്താൻ പോലും നിൽക്കാതെ അദ്ദേഹം ഉടൻ തന്നെ വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മന്ത്രിയുടെ പെട്ടെന്നുള്ള ഈ നീക്കം സംഘാടകരെ നിരാശരാക്കി.

​സാധാരണയായി മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പാർട്ടി ഭാരവാഹികളുടെ വലിയ സാന്നിധ്യം ഉണ്ടാകാറുള്ളതാണ്. എന്നാൽ ഈ ചടങ്ങിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്ന ചുരുക്കം ചിലരൊഴിച്ചാൽ മറ്റ് ടിവികെ ഭാരവാഹികളാരും പങ്കെടുക്കാൻ എത്തിയിരുന്നില്ല. സ്വന്തം പാർട്ടിയിലെ എംഎൽഎമാരും പ്രവർത്തകരും ചടങ്ങിനെത്താതിരുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.ചെന്നൈയിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് മന്ത്രി വേഗത്തിൽ മടങ്ങിയതെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികൾ നൽകുന്ന വിശദീകരണം. എന്നാൽ, പാർട്ടി പ്രവർത്തകർ തന്നെ സ്വീകരിക്കാൻ എത്താതിരുന്നതിലുള്ള കടുത്ത അതൃപ്തിയാണ് മന്ത്രിയുടെ പെട്ടെന്നുള്ള മടങ്ങിവരവിന് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.