തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ടെലഗ്രാം ഉപയോഗിച്ച ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ടെലഗ്രാം ഉപയോഗിച്ച ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

ന്യുഡൽഹി :സമൂഹമാധ്യമങ്ങൾ വഴി തീവ്ര പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതിനും അതിർത്തി കടന്നുള്ള ഹാൻഡ്‌ലർമാരുമായി സംശയാസ്പദമായ ബന്ധം പുലർത്തിയതിനും ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരാൾ അറസ്റ്റിലായി.ഉധം സിംഗ് നഗർ ജില്ലയിലെ മജ്ര സിലയിൽ താമസിക്കുന്ന അബ്ദുൾ മാലിക്കിന്റെ മകൻ  മുഹമ്മദ് സലാവുദ്ദീനെയാണ്  രഹസ്യ ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് ഉത്തരാഖണ്ഡ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്)  കസ്റ്റഡിയിലെടുത്തത് .

 ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനും ജിഹാദിസ്റ്റ് ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാനും ഇയാൾ ശ്രമിച്ചതായി പോലീസ് കണ്ടെത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വർഗീയ സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ജിഹാദ്, രക്തസാക്ഷിത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി ചാറ്റുകളും ഗ്രൂപ്പുകളും അന്വേഷണസംഘം കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റൾ, തിരകൾ, ഡിറ്റണേറ്ററുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മലേഷ്യയിൽ നിന്നുള്ള ഒരാളുടെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഉത്തർപ്രദേശ് രാംപൂർ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.