ലോകകപ്പ് ഫൈനൽ : ചില സ്വകാര്യസ്കൂളുകൾ അവധി പ്രഖ്യാപിച്ചു

എറണാകുളം: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് 'സാക്ഷ്യം 'വഹിക്കാനുള്ള ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ഈ ചരിത്ര മത്സരം പുലർച്ചെ വരെ നീളുമെന്നതിനാൽ, കുട്ടികളുടെ കായിക ആവേശത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾ. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനായി തിങ്കളാഴ്ച ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു.
അവധി പ്രഖ്യാപിച്ച പ്രമുഖ വിദ്യാലയങ്ങൾ
വിദ്യാർത്ഥികളുടെ മാനസിക-ശാരീരിക ക്ഷേമവും ഫുട്ബോളിനോടുള്ള താല്പര്യവും പരിഗണിച്ചാണ് മാനേജ്മെൻ്റുകൾ ഈ മാതൃകാപരമായ തീരുമാനമെടുത്തത്.
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ
മൂവാറ്റുപുഴ സെഴൻ്റ് തോമസ് പബ്ലിക് സ്കൂൾ
തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ
ശ്രീനാരായണ വിദ്യാപീഠം
ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ
പൂത്തോട്ട എസ് എസ് കോളജ്
പറവൂർ ഇൻഫൻ്റ് ജീസസ് പബ്ലിക് സ്കൂൾ
പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ

വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ
ഇതിനുപുറമേ, തൃക്കാക്കര സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ കുട്ടികളുടെ സൗകര്യാർത്ഥം മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്.സ്കൂൾ അധികൃതരുടെ ഈ തീരുമാനത്തെ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു. കഠിനമായ പഠനസമ്മർദ്ദങ്ങൾക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കം പൂർണ്ണ മനസ്സോടെ ആസ്വദിക്കാൻ കുട്ടികൾക്ക് ലഭിച്ച വലിയൊരു അവസരമാണിത്. തിങ്കളാഴ്ചത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ പുനരാരംഭിക്കും.
മുഖ്യമന്ത്രിക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്
ഇതേ ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മിറ്റി നേരിട്ട് മുഖ്യമന്ത്രി വിഡി സതീശന് നിവേദനം നൽകി. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്നും ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തിങ്കളാഴ്ചത്തെ ക്ലാസുകൾ ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
മന്ത്രിമാർക്ക് കത്തുമായി പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനു
പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രിമാർക്ക് ഔദ്യോഗികമായി കത്തയച്ചുകൊണ്ടാണ് പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം ഈ ആവശ്യത്തിന് പിന്തുണയേകിയത്. വിദ്യാർത്ഥികളുടെ കായിക ആവേശത്തെയും കളി കാണാനുള്ള ആഗ്രഹത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ തന്നെ അവധി നൽകുന്നത് നന്നായിരിക്കുമെന്ന് ദിയ നിവേദനത്തിൽ വ്യക്തമാക്കി.
സമ്മർദ്ദത്തിൽ വിദ്യാഭ്യാസ വകുപ്പ്; തീരുമാനത്തിനായി കാത്ത് ആരാധകർ
സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ സ്കൂളുകൾ ഇതിനകം തന്നെ സ്വന്തം നിലയ്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനവ്യാപകമായി അവധി നൽകണമെന്നാവശ്യപ്പെട്ട് തനിക്ക് നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും അവധി നല്കുന്നത് പ്രായോഗികമല്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യത്തിൽ ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. എങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ഫൈനൽ പോരാട്ടം ടെൻഷനില്ലാതെ കാണാൻ ഒരു ഔദ്യോഗിക അവധി പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ!