‘ജീവൻ ദീപം ഒരുമ’ പദ്ധതി: 16.7 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം :കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതി വഴി 16.7 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് സുരക്ഷയൊരുങ്ങുന്നു. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പും എൽ.ഐ.സിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ 200 രൂപയാണ് വാർഷിക പ്രീമിയം. ഈ വർഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് ക്യാമ്പയിനിലൂടെയാണ് ഇത്രയും വലിയൊരു വിഭാഗം അംഗങ്ങളെ പദ്ധതിയുടെ ഭാഗമാക്കാൻ കുടുംബശ്രീക്ക് സാധിച്ചത്. 2027 മാർച്ച് 31 വരെയാണ് ഈ പോളിസിയുടെ കാലാവധി.പദ്ധതിയിൽ അംഗങ്ങളായ അയൽക്കൂട്ട അംഗങ്ങൾക്ക് ആകസ്മികമായോ അല്ലാതെയോ മരണം സംഭവിച്ചാൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. 18 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. 18-50 വയസ്സ് വരെയുള്ളവർക്ക് സ്വാഭാവിക മരണമുണ്ടായാൽ രണ്ട് ലക്ഷം രൂപയും അപകട മരണത്തിന് അധികമായി 1,20,000 രൂപയും ലഭിക്കും. 51-60 വയസ്സുകാർക്ക് 80,000 രൂപയും അപകടത്തിൽ അധികമായി ഒരു ലക്ഷം രൂപയും, 61-70 വയസ്സുകാർക്ക് 30,000 രൂപയും, 71-74 വയസ്സുകാർക്ക് 25,000 രൂപയും ഇൻഷുറൻസ് തുകയായി ലഭിക്കും.
അയൽക്കൂട്ടങ്ങൾ എടുത്ത ലിങ്കേജ് വായ്പകളുമായി ബന്ധപ്പെട്ട് മുൻപ് ഉണ്ടായിരുന്ന വലിയൊരു പ്രതിസന്ധിക്ക് ഈ പദ്ധതിയിലൂടെ പരിഹാരമായിട്ടുണ്ട്. അംഗങ്ങൾക്ക് മരണം സംഭവിച്ചാൽ അവരുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി, ഇൻഷുറൻസ് തുകയിൽ നിന്നും വായ്പാ ബാധ്യത ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. ബാക്കി തുക മരണപ്പെട്ട അംഗത്തിന്റെ അവകാശിക്ക് ലഭ്യമാക്കുകയും ചെയ്യും. 2020-21 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഈ പദ്ധതി കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. നാളിതുവരെയായി 37 കോടി രൂപയാണ് ഇത്തരത്തിൽ ഇൻഷുറൻസ് ആനുകൂല്യമായി കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്തത്. അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു കൈത്താങ്ങായി ഈ പദ്ധതി മാറിയിരിക്കുകയാണ്.