തൃശൂർ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി, മൂന്നുപേർ നീന്തി രക്ഷപ്പെട്ടു

തൃശൂർ: നെടുപുഴയിൽ കോൾപ്പാടത്ത് അഞ്ചുപേർ സഞ്ചരിച്ച മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി . നെടുപുഴ മല്ലിത്തറ കടവിന് സമീപമുള്ള കോൾപ്പാടത്താണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. പാടത്ത് കൃത്രിമമായി വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനായി വൈകുന്നേരത്തോടെ ബോട്ടിൽ കോൾപ്പാടത്തിന്റെ മധ്യഭാഗത്തേക്ക് പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.അപകടം നടക്കുമ്പോൾ മിനി ബോട്ടിൽ ആകെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പാടത്തിന് നടുവിൽ വെച്ച് പെട്ടെന്ന് ബോട്ട് നിയന്ത്രണം വിട്ട് വെള്ളത്തിൽ മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ അതിസാഹസികമായി നീന്തി സമീപത്തെ കരയിലേക്ക് കയറി രക്ഷപ്പെട്ടു. എന്നാൽ ബാക്കി രണ്ടുപേർ വെള്ളത്തിൽ താഴുകയും ഇവരെ കാണാതാവുകയുമായിരുന്നു. അപകടവിവരമറിഞ്ഞ് തൃശൂരിൽ നിന്നും അഗ്നിരക്ഷാസേനയും നെടുപുഴ പോലീസും സ്ഥലത്തെത്തി അടിയന്തിര തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.പ്രദേശത്ത് നിലവിൽ ശക്തമായ മഴ പെയ്യുന്നതും രാത്രിയായതിനാലുള്ള കടുത്ത വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രതികൂലമായ കാലാവസ്ഥയും പാടത്തെ ചെളിയും തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുനി എന്ന വ്യക്തി മീൻ വളർത്തലിനായി ലീസിനെടുത്തിട്ടുള്ള കോൾപാടമാണിതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.