പി.എസ്.സി മൂല്യനിർണ്ണയ ക്രമക്കേട്: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വിഷയം അതീവ ഗൗരവകരമാണെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി . ആരോപണവിധേയമായ സംഭവങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഉന്നത ശമ്പളമുള്ള തസ്തികകളിലെ പരീക്ഷകളിൽപ്പോലും ചോദ്യങ്ങൾ പരിശോധിക്കാതെയും മാർക്കിടാതെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെന്ന റിപ്പോർട്ടുകളാണ് സർക്കാരിനെ ഉന്നതതല അന്വേഷണത്തിലേക്ക് എത്തിച്ചത്.ഉയർന്നുവന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പി.എസ്.സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ചോദ്യങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ റാങ്ക് പട്ടികയെ തന്നെ അട്ടിമറിക്കുമെന്നിരിക്കെ, ഇക്കാര്യം ഉദ്യോഗാർത്ഥികളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. അഭിമുഖങ്ങളിലും യോഗ്യതാ നിർണ്ണയങ്ങളിലും ഭരണപക്ഷ അനുകൂലികളെ നിയമിക്കാൻ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നും ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. വിജ്ഞാപനത്തിലെ സിലബസ് പാലിക്കാതെയും മുൻകൂട്ടി അറിയിക്കാതെയും ചോദ്യങ്ങൾ മാറ്റുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം ജെ.എസ്. അഖിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വലിയ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതിനെതിരെ ഉയരുന്നത്.