കപ്പല്‍ നിര്‍മ്മാണo: 'ടാറ്റയുടെ പ്രതിനിധികൾ ഞങ്ങളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു';" മന്ത്രി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കപ്പല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ടാറ്റ പ്രതിനിധികളുമായി മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം കുഞ്ഞാലിക്കുട്ടി പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ സമ്മേളനകാലത്താണ് ടാറ്റ പ്രതിനിധികളുമായി ചര്‍ച്ച നടന്നതെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതി തന്നെയാണ് ചര്‍ച്ച ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ച നടന്നത്. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. കേരളത്തില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ടാറ്റയുമായി ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ടാറ്റ പ്രതിനിധികള്‍ തങ്ങളെ വന്ന് കണ്ടിരുന്നു. മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല. പദ്ധതിയുടെ ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. ജൂണ്‍ 29 ന് നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭത്തിനായി ടാറ്റ 10,000 കോടി നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. മുഖ്യമന്ത്രി വി ഡി സതീശൻ എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് കഴിഞ്ഞദിവസം മുൻമന്ത്രി പി. രാജീവ് വിമർശിച്ചിരുന്നു.
വിഡി സതീശൻ്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് തള്ളി
കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായുള്ള മുഖ്യമന്ത്രി വിഡി സതീശൻ്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് തള്ളിയിരുന്നു . സംസ്ഥാനത്ത് നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇങ്ങനെയൊരു പദ്ധതി ആലോചനയിലില്ലെന്ന് ടാറ്റ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോണിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം.'ബ്ലൂംബെര്‍ഗ് അഭിമുഖത്തിന്റെ വിഡിയോ കണ്ടു, മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്നറിയില്ല. അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച കാര്യമണോ ഇതെന്ന് സംശയമുണ്ടെന്നും' ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
വിഡി സതീശൻ പറഞ്ഞത്
കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് അപേക്ഷ കിട്ടിയെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. ടാറ്റ ഗ്രൂപ്പിന്റെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി ഡി സതീശന്‍ പറഞ്ഞിരുന്നു..
സംഭവം വിവാദമായപ്പോൾ , ടാറ്റാ ഗ്രൂപ്പ് മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, വരും വർഷങ്ങളിൽ സമുദ്ര വ്യവസായ മേഖലയിലൂടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ആ തുകയിലൂടെ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.