ലോകകപ്പ് ഫൈനൽ: കൊച്ചിയിൽ സുരക്ഷയും പട്രോളിംഗും ശക്തമാക്കി സിറ്റി പോലീസ്

ലോകകപ്പ് ഫൈനൽ: കൊച്ചിയിൽ സുരക്ഷയും പട്രോളിംഗും ശക്തമാക്കി സിറ്റി പോലീസ്

എറണാകുളം : ഫിഫ ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി സിറ്റി പോലീസ് . ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ യാതൊരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ വഴിമാറരുതെന്ന് പോലീസ് കർശന നിർദേശം നൽകി. പൊതുജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.വിജയാഘോഷങ്ങളുടെ മറവിൽ ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കൽ, ലൈസൻസില്ലാതെയുള്ള ഡ്രൈവിംഗ്, മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിതവേഗത, അപകടകരമായ സ്റ്റണ്ടുകൾ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റിയുള്ള യാത്ര, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പോലീസ് കർശന പരിശോധന നടത്തും. ഇത്തരം പ്രവണതകൾ ഗുരുതരമായ റോഡപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഉടനടി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.നഗരത്തിലെ പ്രധാന ജങ്ഷനുകളിലും ആരാധകർ ഒത്തുകൂടാൻ സാധ്യതയുള്ള ബിഗ് സ്ക്രീൻ പ്രദർശന വേദികളിലും അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രാത്രികാല വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഫുട്ബോൾ ആവേശം നിലനിർത്തിക്കൊണ്ടുതന്നെ പൊതുജനങ്ങളും കായികപ്രേമികളും പോലീസിന്റെ നിർദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.