ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തി

 പൂനെ :ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ആലുവയിലെ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് വീട്ടുകാരോട് പറഞ്ഞ് പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.വീട് വിട്ടിറങ്ങുമ്പോൾ അമ്മയുടെ മൊബൈൽ ഫോൺ കുട്ടിയുടെ കൈവശമുണ്ടായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോട് ഭാഗത്താണെന്ന് കണ്ടെത്തി.തുടർന്ന് സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയ പൊലീസ്, പ്രതിയുടെ സുഹൃത്തിന്റെ ഫോണിൽ നിന്ന് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് പ്രതിയെ ഫോൺ ഓൺ ചെയ്യാൻ പ്രേരിപ്പിച്ചു. ഇതുവഴി ലഭിച്ച ലൊക്കേഷൻ വിവരമാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്താൻ നിർണായകമായത്.