ഡൽഹിയിൽ ഡെങ്കിപ്പനിയും മലേറിയയും പടരുന്നു

ഡൽഹിയിൽ ഡെങ്കിപ്പനിയും മലേറിയയും പടരുന്നു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യതലസ്ഥാനത്തേക്ക് എത്തുന്നതിന് മുന്നോടിയായി ഡൽഹിയിൽ ഡെങ്കിപ്പനി , മലേറിയ  തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്  വർഷം ഇതുവരെ ഡൽഹിയിൽ 162 ഡെങ്കിപ്പനി കേസുകളും 42 മലേറിയ കേസുകളും സ്ഥിരീകരിച്ചതായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) പുറത്തുവിട്ട ഏറ്റവും പുതിയ ആരോഗ്യ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പുറമെ ഒമ്പത് ചിക്കൻഗുനിയ  കേസുകളും നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിങ് കാലയളവിൽ മാത്രം 10 പുതിയ ഡെങ്കിപ്പനി കേസുകളും 3 മലേറിയ കേസുകളുമാണ് നഗരത്തിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. നിലവിൽ ഡൽഹിയിലെ ‘വെസ്റ്റ് സോണിലാണ്’  ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്കിലും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രോഗബാധിതരുടെ ആകെ എണ്ണം ഇത്തവണ കുറവാണെന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. രോഗവ്യാപനം പൂർണ്ണമായും നിയന്ത്രിക്കുന്നതിനായി കൊതുക് നശീകരണ പ്രവർത്തനങ്ങളും ഫോഗിങ്ങും ശക്തമായ നിരീക്ഷണവും എം.സി.ഡി കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ നഗരത്തിലുടനീളം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 8.3 ലക്ഷത്തിലധികം വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശനം നടത്തുകയും, ഇതിൽ അയ്യായിരത്തോളം വീടുകളിൽ കൊതുക് ലാർവകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കണ്ടെത്തുകയും ചെയ്തു. വീഴ്ച വരുത്തിയ ഈ വീടുകളുടെ ഉടമസ്ഥർക്കെതിരെ എം.സി.ഡി അധികൃതർ കർശനമായ നിയമനടപടികളും പിഴയും ചുമത്തിയിട്ടുണ്ട്.

ഡെങ്കിപ്പനിയും മലേറിയയും കൊതുക് വഴി പകരുന്നതാണെങ്കിലും ഇവയ്ക്ക് കാരണമാകുന്ന രോഗകാരികളും ലക്ഷണങ്ങളും വ്യത്യസ്തമാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് (Aedes) കൊതുകുകൾ പ്രധാനമായും പകൽ സമയത്ത് കടിക്കുന്നതിലൂടെയാണ് ഡെങ്കി വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ അഴുക്കുചാലുകളിലും മറ്റും വളരുന്നതും രാത്രികാലങ്ങളിൽ സജീവമാകുന്നതുമായ അനോഫിലസ് (Anopheles) പെൺകൊതുകുകളാണ് മലേറിയ പരത്തുന്നത്.കടുത്ത പനി, കഠിനമായ തലവേദന, കണ്ണിന് പിന്നിലെ വേദന, പേശി-കീൽ വേദന (Joint Pain), ഛർദ്ദി, ചർമ്മത്തിൽ കാണപ്പെടുന്ന ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ വിറയലോടുകൂടിയ പനി, അമിതമായി വിയർക്കുക, തലവേദന, കടുത്ത ക്ഷീണം, വിട്ടുമാറാത്ത ശരീരവേദന എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി ഡോക്ടറെ കാണണമെന്ന് അധികൃതർ നിർദേശിച്ചു