ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് തിരുത്തൽ ആവശ്യമുള്ളതാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് ഗോവധം പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.ഹൈക്കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരുന്നു. നിയമം അനുവദിക്കുന്ന സാഹചര്യത്തിൽ പ്രത്യേക സ്ഥലങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തടയാൻ കോടതിക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.

1976-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ഗോവധം നിരോധിച്ചിരുന്നത്.ഭരണഘടനയിലെ ആർട്ടിക്കിൾ 48 പ്രകാരം ഗോവധം നിരോധിക്കാൻ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, പശുക്കളെ ആരാധിക്കുന്നതും കാർഷിക സംസ്കാരവുമായി അവയ്ക്കുള്ള ബന്ധവും വിധിയിൽ പ്രത്യേകം പരാമർശിച്ചിരുന്നു. എന്നിരുന്നാലും, നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായ യാതൊരുവിധ നിയന്ത്രണങ്ങളും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.