ആർസിബി vs ജിടി മത്സരത്തിനിടെ 240 സിസിടിവി ക്യാമറകൾ അട്ടിമറിച്ചതിന് രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സുരക്ഷാ അട്ടിമറി. ഏപ്രിൽ 24ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ നിരീക്ഷണ സംവിധാനങ്ങൾ മനപ്പൂർവ്വം തകരാറിലാക്കിയ രണ്ട് യുവാക്കളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തു. സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകളാണ് പ്രതികൾ പ്രവർത്തനരഹിതമാക്കിയത്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സ്റ്റാക് ടെക്നോളജീസ്' എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സർവൈലൻസ് കമ്പനി നൽകിയ പരാതിയിലാണ് നടപടി. എഫ്‌ഐആർ പ്രകാരം, സ്റ്റേഡിയത്തിലെ നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡറുകൾ, നിർണ്ണായകമായ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ എന്നിവ പ്രതികൾ മനപ്പൂർവ്വം നശിപ്പിച്ചു. ഇതോടെ സ്റ്റേഡിയത്തിലേക്കുള്ള എൻട്രി ഗേറ്റുകൾ, കാണികൾ ഇരിക്കുന്ന കോൺകോഴ്സ് ഏരിയകൾ, ഡി കോർപ്പറേറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ പൂർണ്ണമായും നിലച്ചു. സ്റ്റേഡിയം സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലുള്ള ഒരു 'ബ്ലാക്ക്ഔട്ട്' ആണ് ഇതിലൂടെ ഉണ്ടായത്.
ചിത്രദുർഗ്ഗ ഹിരിയൂർ സ്വദേശിയായ മഞ്ജുനാഥ് ഇ. (37), ഉത്തർപ്രദേശ് സ്വദേശിയായ അബ്ദുൾ കലാം (19) എന്നിവരെയാണ് കബ്ബൺ പാർക്ക് പോലീസ് പിടികൂടിയത്. സ്റ്റേഡിയത്തിലെ ഡിജിറ്റൽ സുരക്ഷാ ചുമതലയുള്ള 'ഐവിഎസ് ഡിജിറ്റൽ സൊല്യൂഷൻസ്' എന്ന സബ് കോൺട്രാക്ട് സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ.മത്സരദിവസം രാവിലെ 11:30-ഓടെ കൃത്യമായ പാസുകളില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ച ഇവർ, പ്രവർത്തനരഹിതമായ ഒരു ആക്‌സസ് കാർഡ് ഉപയോഗിച്ച് സെർവർ റൂമിലും സിസിടിവി കൺട്രോൾ റൂമിലും അതിക്രമിച്ചു കയറുകയായിരുന്നു. സെർവർ റൂമിലും പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള കണക്ഷൻ ഹബ്ബുകളിലും ഇവർ സംശയാസ്പദമായി നീങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട പ്രാരംഭ ജോലികൾ പോലും ഇവർ നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.
പ്രതിഷേധത്തിന് കാരണം ശമ്പള കുടിശ്ശിക:
പോലീസ് ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തങ്ങൾക്ക് ലഭിക്കാനുള്ള ഏകദേശം 10 ലക്ഷം രൂപയുടെ ശമ്പള കുടിശ്ശിക നൽകാത്തതിലുള്ള പ്രതിഷേധമായാണ് ഈ അട്ടിമറി നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. പണം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ സ്റ്റേഡിയം സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന നീക്കമാണ് ഇവർ നടത്തിയത്. കരാർ കമ്പനിയുടെ മേൽനോട്ടത്തിൽ വന്ന വീഴ്‌ചകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ക്യാമറകൾ ഓഫായ ഉടൻ തന്നെ അധികൃതർ ബാക്കപ്പ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനാൽ കളി തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചു. എങ്കിലും, അതീവ സുരക്ഷാ മേഖലകളിൽ ഇവർക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ആർസിബിയുടെ അടുത്ത മത്സരങ്ങൾ:
നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ ബംഗളൂരുവിലെ മത്സരങ്ങൾ അവസാനിച്ചു. ടീമിന്‍റെ ശേഷിക്കുന്ന ഹോം മത്സരങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം റായ്പൂരിലാണ് നടക്കുക. ലോജിസ്റ്റിക് കാരണങ്ങളാലാണ് ഈ മാറ്റം.