ധർമ്മസ്ഥല കൂട്ടക്കൊലക്കേസ്‌ :'ചിന്നയ്യ വിളിച്ചിരുന്നെന്നും ശബ്‌ദ സന്ദേശം എസ്‌ഐടിക്ക് അയച്ചുകൊടുത്തതായും നടൻ പ്രകാശ് രാജ്

ധർമ്മസ്ഥല കൂട്ടക്കൊലക്കേസ്‌ :'ചിന്നയ്യ വിളിച്ചിരുന്നെന്നും ശബ്‌ദ സന്ദേശം എസ്‌ഐടിക്ക് അയച്ചുകൊടുത്തതായും നടൻ പ്രകാശ് രാജ്

ബെംഗളൂരു: കർണാടകയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ധർമ്മസ്ഥല കൂട്ടക്കൊലക്കേസിലെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പ്രതിയായ ചിന്നയ്യ തന്നെ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുമായി നടൻ പ്രകാശ് രാജ്. ചിന്നയ്യയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്‌ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് അയച്ചിട്ടുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

"ചിന്നയ്യ വിളിച്ചിരുന്നു എന്നത് സത്യമാണ്. ഞങ്ങൾ തമ്മിൽ സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്‌ത് എസ്‌ഐടി മേധാവിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ ഞാൻ ഒരിക്കലും ധർമ്മസ്ഥലയിൽ പോകുകയോ ഗിരീഷ് മട്ടന്നവറിനെ കാണുകയോ ചെയ്‌തിട്ടില്ലെന്ന്", പ്രകാശ് രാജ് പറഞ്ഞു.ഒരു ദിവസം ഗിരീഷ് മട്ടന്നവറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ചിന്നയ്യ തൻ്റെ കൂടെയുണ്ടെന്നും എന്നോട് സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ചിന്നയ്യ എന്നോട് തമിഴിലാണ് സംസാരിച്ചത്. എന്നെ കാണണമെന്ന് അയാൾ എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് ചിന്നയ്യയെ കാണാൻ താത്‌പര്യമില്ലെന്നും എസ്‌ഐടി ബന്ധപ്പെടാനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ റക്കോർഡ് ചെയ്‌ത് അയച്ചാൽ മതിയെന്നും ഞാൻ പറഞ്ഞുവെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.പിന്നീട് ചിന്നയ്യ സംസാരിക്കുന്ന റെക്കോർഡ് എനിക്ക് ലഭിച്ചു. ഞാൻ ഉടൻ തന്നെ അഭിഭാഷകനെ വളിക്കുകയും എസ്‌ഐടി അന്വേഷണ തലവൻ പ്രണവ് മൊഹന്തിക്ക് റെക്കോർഡ് കൈമാറകയും ചെയ്‌തിരുന്നു. അദ്ദേഹം ചിന്നയ്യയെ വിളിച്ച് സംസാരിക്കാമെന്നും പറഞ്ഞു.പിന്നീട് ഞാൻ പ്രണവിനെ കണ്ടപ്പോൾ കേസിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം ഇനി ഇത്തരത്തിലുള്ള കോളുകൾ എടുക്കരുതെന്ന് പറഞ്ഞു. ചിന്നയ്യയോട് താൻ സംസാരിച്ചതായും അദ്ദേഹം തൻ്റെ അവകാശവാദങ്ങളിൽ നിന്ന് പിന്മാറിയതായും പ്രണവ് സൂചിപ്പച്ചിരുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.ധർമ്മസ്ഥലയെ തകർക്കാൻ വലിയ ഗുഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം പ്രതിയായ ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയിരുന്നു. നടൻ പ്രകാശ് രാജ്, സാമൂഹിക പ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി,ഗിരീഷ് മട്ടന്നവർ എന്നിവരടക്കമുള്ളവർ ചേർന്ന് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ തന്നിൽ സമ്മർദ്ദം ചെലത്തുകയായിരുന്നു എന്നാണ് ചിന്നയ്യയുടെ റിട്ട് ഹർജിയിൽ പറയുന്നത്.

ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടെയും പെൺക്കുട്ടികളുടെയും മൃതദേഹങ്ങൾ താൻ കുഴിച്ചുമൂടിയിട്ടുണ്ട് എന്നാണ് ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, ഇയാൾ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ മണ്ണുനീക്കി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.ഇതെ തുടർന്ന് ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ വ്യാജ ആരോപണങ്ങളാണ് ചിന്നയ്യ ഉന്നയിച്ചതെന്ന് കണ്ടെത്തുകയും ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ചിന്നയ്യ പ്രകാശ് രാജ് അടക്കമുള്ളവരുടെ പേരിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.