അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 2 നാവികരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 2 നാവികരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

മസ്‌കറ്റ്: ഇറാൻ തുറമുഖങ്ങളിലെ ഉപരോധം ലംഘിച്ചെന്നാരോപിച്ച് അമേരിക്കൻ സേന എംടി സെറ്റബെല്ലോ എന്ന കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആദിത്യ ശർമ്മ (ഡെക്ക് കേഡറ്റ്), ⁠ശിവാനന്ദ് ചൗരസ്യ (എഞ്ചിൻ ഫിറ്റർ), ⁠പട്‌നള സുരേഷ് (ചീഫ് എഞ്ചിനീയർ)എന്നിവരായിരുന്നു  അമേരിക്കൻ  മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള അമേരിക്കയുടെ  നടപടികൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു .സംഭവത്തിൽ ഇന്ത്യയുടെ കടുത്ത അതൃപ്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയെ നേരിട്ട് അറിയിച്ചു. ശനിയാഴ്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി അദ്ദേഹം ഫോണിലൂടെയും  പ്രതിഷേധം അറിയിച്ചിരുന്നു.വാണിജ്യ ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഇതിന് പുറമെ, ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തിയിരുന്നു.

ഈ മാസം പതിനഞ്ചാം വിവാഹവാർഷികം  ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ⁠പട്‌നള സുരേഷ്

ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി എംബസി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ബുധനാഴ്ചയാണ് എംടി സെറ്റബെല്ലോ എന്ന കപ്പലിന് നേരെ അമേരിക്കൻ സേനയുടെ ആക്രമണം ഉണ്ടായത്. ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം കപ്പൽ ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ഈ കടുത്ത നടപടി. കപ്പലിൽ ആകെ 24 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മൂന്ന് പേർ കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട സമീപകാല സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ, ഫ്രാൻസിലെ ഇവിയനിൽ നടന്ന ജി 7 ഔട്ട്റീച്ച് സെഷനിൽ സംസാരിക്കവേ, ആഗോള സമുദ്ര പാതകളുടെ സംരക്ഷണവും നാവികരുടെ സുരക്ഷയും ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.സമുദ്ര പാതകൾ സുരക്ഷിതമായി തുടരേണ്ടതുണ്ടെന്നും  നാവികർക്ക് ഭയമില്ലാതെ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയണമെന്നും  എല്ലാ രാജ്യങ്ങളും അതുററപ്പാക്കണമെന്നും  പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ജി 7 നേതാക്കളോട് പറഞ്ഞു.