‘നാടകങ്ങൾ ഉപേക്ഷിക്കൂ, മാഫിയകൾക്കെതിരെയാണ് ആക്രമണം നടത്തേണ്ടത്, വിദ്യാർത്ഥികൾക്കെതിരെയല്ല ":കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

‘നാടകങ്ങൾ ഉപേക്ഷിക്കൂ, മാഫിയകൾക്കെതിരെയാണ് ആക്രമണം നടത്തേണ്ടത്, വിദ്യാർത്ഥികൾക്കെതിരെയല്ല ":കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:നീറ്റ്‌ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിൽ കേന്ദ്രം ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.കുറ്റവാളികളെ ശിക്ഷിക്കുന്നതിനു പകരം ഇരകളെ ശിക്ഷിക്കുന്നതിനു തുല്യമാണ് സർക്കാരിൻ്റെ  സമീപനമെന്ന് രാഹുൽ വിമർശിച്ചു.

" 'ടെലിഗ്രാം ബാൻ'- ചോദ്യപേപ്പർ ചോർച്ച തടയാനുള്ള മോദി സർക്കാരിൻ്റെ പുതിയ തന്ത്രമാണിത്. അതായിത് കള്ളനെ പിടിക്കുന്നതിന് പകരം ആയാളുടെ വീടിൻ്റെ വാതിലിന് പൂട്ട് ഇടുക. ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളായി ടെലഗ്രാം വഴി പഠിക്കുന്നുണ്ട്. ടെലഗ്രാമിന് താത്‌കലിക്കമായി വിലക്ക് ഏർപ്പെടുത്തിയത് കൊണ്ട് ചോദ്യ പേപ്പർ ചോർച്ചക്ക് എങ്ങനെയാണ് പരിഹാരമുണ്ടാകുന്നത്. അത് ശരിക്കും മണ്ടത്തരമല്ലേ? രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും ഇത് അറിയാം, അതുപോലെ തന്നെ ചോദ്യ പേപ്പർ ചോർച്ച നടത്തുന്ന മാഫിയക്കും അറിയാം. അടുത്ത നിരോധനം ആർക്കായിരിക്കും വാട്‌സപ്പിനാണോ? ", രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു."പരീക്ഷാ ദിവസം വിദ്യാർഥികളെ പരിശോധിക്കും. വസ്‌ത്രത്തിൽ പോക്കറ്റ് ഉണ്ടെങ്കിൽ കത്രിക ഉപയോഗിച്ച് പോക്കറ്റുകൾ മുറിക്കും. ചോദ്യപേപ്പറുകൾ വ്യോമസേനയുടെ വിമാനം വഴി അയക്കും, നാടകങ്ങൾക്ക് ഒരു കുറവുമില്ല. ചോദ്യ പേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ ഒരു നടപടിയുമില്ല. കാരണം അവർ സർക്കാരിൻ്റെ നിരീക്ഷണത്തിൽ തഴച്ചുവളരുകയും യുവാക്കളെ കരയിപ്പിക്കുകയും ചെയ്യുന്നു. മോദി ജി നാടകം ഉപേക്ഷിക്കുക. വിദ്യാർഥികൾക്കെതിരെയല്ല, മാഫിയക്കെതിരയാണ് നടപടി എടുക്കേണ്ടത്. വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കൂ അല്ലെങ്കിൽ രാജ്യത്തെ യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ എങ്ങനെ നേടണമെന്ന് അറിയാം  ", രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം ടെലിഗ്രാമിന് ഇന്ത്യയിൽ ഏർപ്പെടുത്തിയ ഒരാഴ്ചത്തെ വിലക്കിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സിഇഒ പാവൽ ദുറോവും രംഗത്തെത്തി. പരീക്ഷാ വിവരങ്ങൾ ചോർത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം രാജ്യത്തെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.