ലോകകപ്പിൽ നിന്ന് പുറത്താക്കിയ സൊമാലിയൻ റഫറിക്ക് മുഴുവൻ ശമ്പളവും നൽകുമെന്ന് ഫിഫ

വാഷിംഗ്‌ടൺ : ഫിഫ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ അമേരിക്കയിലെത്തിയ സൊമാലിയൻ റഫറി ഒമർ അബ്ദുൽകാദിർ അർതാന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ നിർണായക തീരുമാനവുമായി ഫിഫ. ടൂർണമെന്‍റില്‍ നിന്ന് യു.എസ് കസ്റ്റംസ് തിരിച്ചയച്ചെങ്കിലും അർതാന് ലഭിക്കേണ്ട മുഴുവൻ വേതനവും ഫിഫ നൽകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച റഫറിയായി വിലയിരുത്തപ്പെടുന്ന 34-കാരനായ അർതാൻ ജൂൺ 6-നാണ് ഇസ്‌താംബൂളിൽ നിന്ന് മിയാമി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ രാജ്യത്തേക്ക് കടക്കാൻ അനുവദിച്ചില്ല. "വളരെ വ്യക്തമായ കാരണങ്ങളാലാണ്" അദ്ദേഹത്തെ തിരിച്ചയച്ചതെന്ന് വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി വ്യക്തമാക്കിയെങ്കിലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ യു.എസ് തയ്യാറായിട്ടില്ല.മിയാമി വിമാനത്താവളത്തിൽ വെച്ച് അമേരിക്കൻ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ഏകദേശം 11 മണിക്കൂറോളം തടഞ്ഞുവെച്ചതായി അർതാൻ 'ദി ന്യൂയോർക്ക് ടൈംസിനോട്' വെളിപ്പെടുത്തി. സൊമാലിയയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അൽ-ഷബാബ് തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചത്. സുരക്ഷാ മുൻകരുതലുകളുടെയും വിവരങ്ങൾ പരിശോധിക്കുന്നതിന്‍റേയും ഭാഗമായുള്ള പതിവ് നടപടിക്രമം മാത്രമാണ് ഇതെന്നാണ് യു.എസ് കസ്റ്റംസ് വിഭാഗത്തിന്‍റെ ഔദ്യോഗിക വിശദീകരണം.ഡിപ്ലോമാറ്റിക് (നയതന്ത്ര) വിസയുണ്ടായിട്ടും ഒരു ഫിഫ ഒഫീഷ്യലിനെ നാടുകടത്തിയ യു.എസ് നടപടിക്കെതിരെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ രംഗത്തെത്തി. സ്വന്തം ജീവനക്കാരന് സംരക്ഷണം നൽകാൻ ഫിഫയ്ക്ക് കഴിയുന്നില്ലെന്ന് ആരാധകർ വിമർശിച്ചിരുന്നു.. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്‍റില്‍ വിദേശ പ്രതിനിധികളോട് രാജ്യം പുലർത്തുന്ന സമീപനത്തിലും വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.
കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിന്‍റെ 2025ലെ 'റഫറി ഓഫ് ദി ഇയർ' പുരസ്കാര ജേതാവാണ് അർതാൻ. കഴിഞ്ഞ വർഷം ഈജിപ്‌തിലെ പിരമിഡ്‌സ് എഫ്.സിയും ദക്ഷിണാഫ്രിക്കയിലെ മമേലോഡി സൺഡൗൺസും തമ്മിൽ നടന്ന കഫേ ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. യു.എസ് വിലക്കിന് പിന്നാലെ അർതാന് ശക്തമായ പിന്തുണയുമായി യുവേഫ (UEFA) രംഗത്തെത്തി. ഓഗസ്റ്റ് 12-ന് ഓസ്ട്രിയയിൽ നടക്കുന്ന ആസ്റ്റൺ വില്ല - പി.എസ്.ജി (PSG) യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കാനുള്ള ചുമതല യുവേഫ അർതാന് കൈമാറി.ലോകകപ്പ് സ്വപ്‌നം തകർന്നുവെങ്കിലും ജന്മനാടായ സൊമാലിയയിൽ വൻ വരവേൽപ്പാണ് അർതാന് ലഭിച്ചത്. മൊഗാദിശുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരും ഫുട്ബോൾ ഭാരവാഹികളും സർക്കാർ പ്രതിനിധികളും എത്തിയിരുന്നു.
വിമാനത്താവളത്തിൽ തടിച്ചുകൂടിയവരോട് സംസാരിച്ച അർതാൻ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "അടുത്ത ലോകകപ്പിൽ ഞാൻ തീർച്ചയായും പങ്കെടുക്കുമെന്ന് ദൈവനാമത്തിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സൊമാലി ജനത ഇതിൽ സങ്കടപ്പെടരുത്, നമ്മൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും," അർതാൻ പറഞ്ഞു.