FIFA WORLD CUP-2026 :ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തിനെതിരെ ബെൽജിയത്തിന് 1-1 ൻ്റെ സമനില

സിയാറ്റിൽ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ബെൽജിയത്തിന് ഈജിപ്തിനെതിരെ സമനില. അമേരിക്കയിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പോയിൻ്റ് പങ്കുവച്ചു. മുഹമ്മദ് സലാഹിൻ്റെ 34-ാം ജന്മദിനത്തിൽ ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയമെന്ന ഈജിപ്തിൻ്റെ മോഹമാണ് ബെൽജിയം തകർത്തത്.മത്സരത്തിൻ്റെ 20-ാം മിനിറ്റിൽ തന്നെ ഈജിപ്ത് ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നിലെത്തി. ജന്മദിനത്തിൽ തകർപ്പൻ ഫോമിലായിരുന്ന നായകൻ മുഹമ്മദ് സലാഹ് നൽകിയ അളന്നുമുറിച്ച പാസിൽ നിന്നും ഇമാം അഷൂറാണ് ഈജിപ്തിനായി വലകുലുക്കിയത്. ബെൽജിയം പ്രതിരോധത്തെയും ഗോൾകീപ്പർ തിബോ കോർട്ടോയയെയും കാഴ്ചക്കാരനാക്കി അഷൂർ തൊടുത്ത ഷോട്ട് കൃത്യമായി വലയിലെത്തി. ആദ്യ പകുതിയിൽ ബെൽജിയത്തിന് ഈജിപ്ഷ്യൻ പ്രതിരോധം ഭേദിക്കാൻ സാധിച്ചില്ല. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈജിപ്തിൻ്റെ മുന്നേറ്റത്തെ ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കാൻ ബെൽജിയം നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ എടുത്ത ഫ്രീകിക്ക് പോസ്റ്റിലിടിച്ച് മടങ്ങിയത് ബെൽജിയത്തിന് നിർഭാഗ്യമായി. തൊട്ടുപിന്നാലെ സലാഹിൻ്റെ മികച്ചൊരു ഹെഡ്ഡർ കോർട്ടോയ തട്ടിയകറ്റി. എന്നാൽ 65-ാം മിനിറ്റിൽ ബെൽജിയം പരിശീലകൻ റൊമേലു ലുക്കാക്കുവിനെ മൈതാനത്തിറക്കിയതോടെ കളിയുടെ ഗതി മാറി.കളത്തിലിറങ്ങി വെറും 22 സെക്കൻഡുകൾക്കകം ലുക്കാക്കു ഗോൾ ബോക്സിലേക്ക് കുതിച്ചെത്തി. തോമസ് മ്യൂനിയർ ബോക്സിലേക്ക് നൽകിയ അപകടകരമായ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിക്ക് പിഴച്ചു. ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ബെൽജിയം ആശ്വാസ സമനില സ്വന്തമാക്കി. അവസാന മിനിറ്റുകളിൽ വിജയത്തിനായി ഇരുടീമുകളും പരമാവധി ശ്രമിച്ചെങ്കിലും പ്രതിരോധ നിരകൾ ഉറച്ചുനിന്നു.ഈ പോരാട്ടത്തിൽ ഈജിപ്ത് ഉയർത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ബെൽജിയം ഒരു പോയിൻ്റ് സ്വന്തമാക്കിയത്. കളിയിലെ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്ന ഈജിപ്തിന് വിജയം കൈവിട്ടതിൻ്റെ നിരാശയുണ്ടെങ്കിലും കരുത്തരായ ബെൽജിയത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ലോകകപ്പ് വേദിയിൽ ആഫ്രിക്കൻ ഫുട്ബോളിൻ്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈജിപ്തിൻ്റെ പ്രകടനം.ഗ്രൂപ്പ് ജിയിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ വരും പോരാട്ടങ്ങളിലെ വിജയം ഇരു ടീമുകൾക്കും അനിവാര്യമാണ്. ജൂൺ 21ന് നടക്കുന്ന ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ബെൽജിയം ഇറാനെ നേരിടും. ഈജിപ്തിന് ന്യൂസിലൻഡാണ് അടുത്ത എതിരാളികൾ. മികച്ച പോരാട്ടങ്ങൾ നടക്കുന്ന ഗ്രൂപ്പിൽ ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാകും.