FIFA WORLD CUP 2026:അരങ്ങേറ്റത്തിൽ കൊളംബിയയോട് പൊരുതി തോറ്റ് ഉസ്ബെക്കിസ്ഥാൻ

മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് ആധികാരിക വിജയത്തോടെ ആഘോഷമാക്കി കൊളംബിയ. മെക്‌സിക്കോ സിറ്റിസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോകകപ്പിലെ പുതുമുഖങ്ങളായ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊളംബിയ പരാജയപ്പെടുത്തിയത്.
ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞുകളിച്ച സൂപ്പർ താരം ലൂയിസ് ഡയസിന്‍റെ തകർപ്പൻ പ്രകടനമാണ് കൊളംബിയയ്ക്ക് ജയം സമ്മാനിച്ചത്. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാനാകാത്തതിന്‍റെ നിരാശ മറികടക്കാൻ ഉറച്ചെത്തിയ കൊളംബിയ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന കാഴ്‌ചയാണ് കണ്ടത്.മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ കൊളംബിയൻ നിര ഉസ്ബെക്ക് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. കളിയുടെ പതിനേഴാം മിനിറ്റിൽ ജോൺ ആരിയാസും മുപ്പത്തിരണ്ടാം മിനിറ്റിൽ ലൂയിസ് ഡയസും ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് അത് ലക്ഷ്യം കണ്ടില്ല. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ കൊളംബിയ ആദ്യ ഗോൾ നേടി. ലൂയിസ് ഡയസ് നൽകിയ കൃത്യതയാർന്ന പാസ് ഉസ്ബെക്ക് പ്രതിരോധത്തെ മറികടന്ന് ഡാനിയൽ മുനോസ് വലയിലെത്തിക്കുകയായിരുന്നു.

ഒരു ഗോളിന് പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ ഉസ്ബെക്കിസ്ഥാൻ കടുത്ത പോരാട്ട വീര്യമാണ് പുറത്തെടുത്തത്. അതിന്‍റെ ഫലമായി അവർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയും ചെയ്‌തു. എൽദോർ ഷൊമുറോദോവ് നൽകിയ മികച്ചൊരു ക്രോസിൽ നിന്നും അബ്ബോസ്ബെക്ക് ഫയ്സുല്ലായേവ് ഹെഡ്ഡറിലൂടെ കൊളംബിയൻ വല കുലുക്കി. ഉസ്ബെക്കിസ്ഥാന്‍റെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത് .സമനില ഗോൾ വഴങ്ങിയതോടെ കൊളംബിയ വീണ്ടും ആക്രമണം ശക്തമാക്കി. മിനിറ്റുകൾക്കകം ലൂയിസ് ഡയസിലൂടെ കൊളംബിയ തങ്ങളുടെ ലീഡ് തിരിച്ചുപിടിച്ചു. ഡയസ് തൊടുത്ത ലോവർ ഷോട്ട് ഉസ്ബെക്ക് ഗോൾകീപ്പർ ഉത്കിർ യുസുപ്പോവിന്‍റെ കൈകളിൽ തട്ടി നേരെ വലയിലേക്ക് കയറുകയായിരുന്നു. ലൂയിസ് ഡയസിന്‍റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. മത്സരം അവസാന നിമിഷങ്ങളിലേക്ക് നീങ്ങിയതോടെ ഉസ്ബെക്കിസ്ഥാൻ സമനിലയ്ക്കായി സർവ്വശക്തിയുമെടുത്ത് പോരാടിയെങ്കിലും കൊളംബിയൻ പ്രതിരോധം ഉറച്ചുനിന്നു.ഒടുവിൽ ഒൻപത് മിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷത്തിൽ കൊളംബിയ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ കുച്ചോ ഹെർണാണ്ടസ് വലതു വിങ്ങിൽ നിന്നും നൽകിയ മികച്ചൊരു ക്രോസ് മറ്റൊരു പകരക്കാരനായ ജാമിന്‍റണ്‍ കാമ്പാസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ കൊളംബിയ മൂന്ന് പോയിന്‍റുകള്‍ സ്വന്തമാക്കി. ഗ്രൂപ്പ് കെ-യിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനെ കോംഗോ സമനിലയിൽ തളച്ചതോടെ കൊളംബിയ നിലവിൽ ഗ്രൂപ്പിൽ വ്യക്തമായ മേധാവിത്വം നേടിയിട്ടുണ്ട്.