FIFA WORLD CUP2026: ലോകകപ്പിൽ വരവറിയിച്ച് ഇംഗ്ലണ്ട് ; തകർത്തത് ക്രൊയേഷ്യയെ

ടെക്സാസ്: 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തന്നെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് വരവറിയിച്ചു. ഗ്രൂപ്പ് 'എൽ' മത്സരത്തിൽ ശക്തരായ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് (4-2) ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളുകളും, ജൂഡ് ബെല്ലിംഗ്ഹാം, മാർക്കസ് റാഷ്ഫോർഡ് എന്നിവരുടെ തകർപ്പൻ പ്രകടനവുമാണ് മത്സരത്തിൽ ഇംഗ്ലണ്ടിന് വഴിത്തിരിവായത്.മത്സരത്തിൻ്റെ 12-ാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഹാരി കെയ്ൻ എടുത്ത ആദ്യ കിക്ക് ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് എളുപ്പത്തിൽ തടുത്തിരുന്നു. എന്നാൽ ലിവാകോവിച്ച് ലൈൻ വിട്ട് മുന്നോട്ട് ഇറങ്ങിയതായി വാർ (VAR) കണ്ടെത്തിയതോടെ കിക്ക് വീണ്ടും എടുക്കാൻ ഇംഗ്ലണ്ടിന് അവസരം ലഭിച്ചു. രണ്ടാമത്തെ അവസരം ഒട്ടും പാഴാക്കാതെ കെയ്ൻ പന്ത് വലയിലെത്തിച്ചു (1-0).തുടർന്ന് തിരിച്ചടിക്കാൻ ഉറച്ചു കളിച്ച ക്രൊയേഷ്യ 36-ാം മിനിറ്റിൽ സമനില പിടിച്ചു. മാർട്ടിൻ ബട്ടൂറിന ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഒരു വെടിയുണ്ട പോലെയുള്ള ഷോട്ട് ഇംഗ്ലീഷ് വലയെ ചലിപ്പിച്ചു (1-1). എന്നാൽ ആ ആഹ്ളാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 42-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് മനോഹരമായ ഹെഡറിലൂടെ വലയിലാക്കി ഹാരി കെയ്ൻ തന്റെ ഇരട്ട ഗോളും ഇംഗ്ലണ്ടിന് ലീഡും സമ്മാനിച്ചു (2-1). ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇവാൻ പെരിസിച്ചിൻ്റെ അസിസ്റ്റിൽ പെറ്റാർ മൂസ ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയതോടെ സ്കോർ 2-2 എന്ന നിലയിലായി.

രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിൻ്റെ താണ്ഡവം
രണ്ടാം പകുതി തുടങ്ങി തൊട്ടടുത്ത മിനിറ്റിൽ തന്നെ (47-ാം മിനിറ്റ്) ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം ബോക്സിൻ്റെ താഴെ ഇടത് മൂലയിലേക്ക് ഉതിർത്ത ശക്തമായ ഷോട്ട് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (3-2). ഈ ഗോൾ മത്സരത്തിൽ ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകി.മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ പകരക്കാരായി ഇറങ്ങിയ ബുകായോ സാക്കയും മാർക്കസ് റാഷ്ഫോർഡും ചേർന്നാണ് ഇംഗ്ലണ്ടിൻ്റെ വിജയം ഉറപ്പാക്കിയ നാലാം ഗോൾ കണ്ടെത്തിയത്. 85-ാം മിനിറ്റിൽ സാക്ക നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച് റാഷ്ഫോർഡ് തൊടുത്ത മനോഹരമായ കേർവിംഗ് ഷോട്ട് ക്രൊയേഷ്യൻ വലയുടെ നെറുകയിൽ തറച്ചു (4-2). ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയം നേടിയ ഇംഗ്ലണ്ട് വ്യക്തമായ മേധാവിത്വത്തോടെയാണ് ലോകകപ്പിന് തുടക്കം കുറിച്ചത്.