FIFA WORLDCUP 2026: ആദ്യ മത്സരത്തിൽ പോർച്ചുഗൽ - ഡിആർ കോംഗോ സമനില: 1-1

FIFA WORLDCUP 2026:  ആദ്യ  മത്സരത്തിൽ പോർച്ചുഗൽ - ഡിആർ കോംഗോ സമനില: 1-1

ഹൂസ്റ്റൺ: 52 വർഷങ്ങൾക്ക് ശേഷം ആഫ്രിക്കൻ രാഷ്ട്രം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ,  ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട്  1-1 സമനിലയിൽ പിരിയേണ്ടിവന്നത്  പോർച്ചുഗലിനേയും  അവരുടെ കരുത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നിരാശരാക്കി ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും വലിയമുന്നേറ്റങ്ങൾ നടത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് സ്റ്റാർട്ടറെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിൽ, പ്രതിസന്ധികളെ കാറ്റിൽപ്പറത്തിയാണ് കോംഗോ സമനില പിടിച്ചെടുത്തത്. ചിരവൈരിയായ ലയണൽ മെസ്സി ഹാട്രിക്കോടെ അർജന്‍റീനയ്ക്ക് മിന്നും തുടക്കം നൽകിയതിന് പിന്നാലെ വലിയ സമ്മർദ്ദത്തോടെയാണ് റൊണാൾഡോയും സംഘവും ഇന്ന് കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിലെ ഹെഡ്ഡർ ഗോളുകൾ

മത്സരത്തിന്‍റെ ആറാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ മിഡ്ഫീൽഡർ ജോവോ നെവെസ് പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. എന്നാൽ ഒന്നാം പകുതിയുടെ അവസാന ഇഞ്ചുറി ടൈമിൽ യോവാൻ വിസ്സയിലൂടെ കോംഗോ സമനില ഗോൾ മടക്കി. തുടർന്ന് ജോവോകാൻസെലോ ബൈസിബൈസിക്കിൾ കിക്കിലൂടെ പോർച്ചുഗലിനായി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.

ഈ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യ ഇലവനിൽ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം എന്ന ലോക റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. ആറ് വ്യത്യസ്‌ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന ചരിത്ര നാഴികക്കല്ലിന് ഒരൊറ്റ ഗോൾ അകലെയാണ് താരം ഇപ്പോൾ. അൽ നസറിനൊപ്പം സൗദി പ്രീമിയർ ലീഗ് കിരീടം നേടിയ റൊണാൾഡോയ്ക്ക് 2022 ലോകകപ്പിലെയും 2024 യൂറോ കപ്പിലെയും ഫോമില്ലായ്‌മ മറികടക്കാനുള്ള വലിയ അവസരമാണിത്.

എബോള പ്രതിസന്ധിയെ അതിജീവിച്ച കോംഗോയുടെ കരുത്ത്

വലിയ പ്രതിസന്ധികൾക്കിടയിലാണ് കോംഗോ തങ്ങളുടെ രണ്ടാം ലോകകപ്പിനായി 52 വർഷങ്ങൾക്ക് ശേഷം യോഗ്യത നേടുന്നത്. രാജ്യത്ത് എബോള വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബെൽജിയത്തിലേക്ക് പരിശീലന ക്യാമ്പ് മാറ്റേണ്ടി വന്നതും, യു.എസിലേക്ക് കടക്കും മുൻപ് 21 ദിവസത്തെ കടുത്ത ബബിൾ ക്വാറന്റൈൻ പാലിക്കേണ്ടി വന്നതും അവർക്ക് കനത്ത തിരിച്ചടിയായിരുന്നു. എല്ലാ പ്രതിസന്ധികളെയും കാറ്റിൽപ്പറത്തി മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലിനെതിരെ നേടിയ ഈ സമനില കോംഗോ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്.

ആദ്യ ഇലവനിൽ ഇന്ത്യൻ സാന്നിധ്യം

ഇന്ത്യൻ വംശജനായ മിഡ്‌ഫീൽഡർ സാമുവൽ മുത്തുസാമി കോംഗോയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ചിരുന്നു.