ഹൈദരാബാദ് ക്രിക്കറ്റ് അസ്സോസിയേഷൻ്റെ ടിജി20 ക്രിക്കറ്റ് ജൂൺ 21 മുതൽ

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ 'ടിജി20' (TG20) ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ട്രോഫി പ്രകാശനം ചെയ്തു. ഹൈദരാബാദിലെ ഹുസൈൻ സാഗറിലെ ബുദ്ധ പ്രതിമയ്ക്ക് മുന്നിൽ വെച്ചാണ് ടൂർണമെന്റിന്റെ കന്നി കിരീടം അനാവരണം ചെയ്തത്.മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എച്ച്.സി.എ സെക്രട്ടറി ജീവൻ റെഡ്ഡി, ടിജി20 ഗവേണിംഗ് കൗൺസിൽ ചെയർമാൻ അഗം റാവു, ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർമാരായ ശ്രീനിധി യൂണിവേഴ്സിറ്റി പ്രതിനിധികൾ, ലീഗിൽ മാറ്റുരയ്ക്കുന്ന എട്ട് ടീമുകളുടെ നായകന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം 21 മുതൽ ജൂലൈ 12 വരെയാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഉപ്പൽ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയമാണ് എല്ലാ മത്സരങ്ങൾക്കും വേദിയാകുന്നത്.യുവ താരം വിജയ് ദേവരകൊണ്ടയെ ടിജി20 ലീഗിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബേഗംപേട്ടിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ, പ്രമുഖ മാധ്യമ ശൃംഖലയായ രാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 'ഹൈദരാബാദ് ഇ ചാമ്പ്യൻസ്' ഫ്രാഞ്ചൈസിക്ക് വേണ്ടി ഇടിവി ഭാരത് ഡയറക്ടർ ബൃഹതി പങ്കെടുത്തു. മറ്റ് ഫ്രാഞ്ചൈസി ഉടമകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമ്മാനതുക കോടികൾ !
ടൂർണമെന്റിലെ വിജയികളെ കാത്തിരിക്കുന്നത് വൻ തുകയുടെ ക്യാഷ് പ്രൈസുകളാണ്. ലീഗിൽ കിരീടം ചൂടുന്ന ജേതാക്കൾക്ക് 1 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് 50 ലക്ഷം രൂപ ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25 ലക്ഷം രൂപ വീതവും ക്യാഷ് പ്രൈസ് സ്വന്തമാക്കാം.
ജൂൺ 21-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പാലമുരു സ്ട്രൈക്കേഴ്സും ഖമ്മം എയ്സസും തമ്മിൽ നേർക്കുനേർ പോരാടും. വൈകിട്ട് 7.15-നാണ് ഈ മത്സരം ആരംഭിക്കുക. ജൂൺ 22 മുതൽ ദിവസേന രണ്ട് മത്സരങ്ങൾ വീതം ഉണ്ടായിരിക്കും. ഉച്ചയ്ക്കുള്ള മത്സരങ്ങൾ 2.15-നും വൈകിട്ടത്തെ മത്സരങ്ങൾ 7.15-നും ആരംഭിക്കും.രാമോജി ഗ്രൂപ്പിന്റെ ഹൈദരാബാദ് ഇ ചാമ്പ്യൻസ് ടീം ജൂൺ 23-ന് തങ്ങളുടെ ആദ്യ മത്സരത്തിൽ പാലമുരു സ്ട്രൈക്കേഴ്സിനെ നേരിടും. ഉച്ചയ്ക്ക് 2.15-നാണ് മത്സരം.
മത്സര ഫോർമാറ്റ്
എട്ട് പ്രാദേശിക ടീമുകളാണ് ടൂര്ണമെന്റില് പങ്കെടുക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിലാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും മറ്റ് ഏഴ് ടീമുകളുമായി ഓരോ തവണ വീതം ഏറ്റുമുട്ടും. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന മികച്ച ടീമുകൾ പ്ലേ-ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടും.