IPL 2026: തിലക് വർമ്മയ്ക്ക് സെഞ്ച്വറി; ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

IPL 2026: തിലക് വർമ്മയ്ക്ക് സെഞ്ച്വറി; ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഉജ്ജ്വല വിജയം സ്വന്തമാക്കി. തിലക് വർമ്മയുടെ കന്നി ഐപിഎൽ സെഞ്ച്വറിയും (101*), പേസ് ബൗളർ അശ്വനി കുമാറിന്‍റെ നാല് വിക്കറ്റ് പ്രകടനവുമാണ് മുംബൈയ്ക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ വിജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയരുകയും നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തുകയും ചെയ്‌തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേയിൽ കാഗിസോ റബാഡയുടെ ബൗളിംഗിന് മുന്നിൽ ഡാനിഷ് മാലേവാർ (2), ക്വിന്റൺ ഡി കോക്ക് (13), സൂര്യകുമാർ യാദവ് (15) എന്നിവർ വീണതോടെ മുംബൈ 46/3 എന്ന നിലയിൽ പതറി. എന്നാൽ നമൻ ധീറിനെ (45) കൂട്ടുപിടിച്ച് തിലക് വർമ്മ ഇന്നിംഗ്സ് പടുത്തുയർത്തി.തുടക്കത്തിൽ സാവധാനം ബാറ്റ് ചെയ്‌ത തിലക് പിന്നീട് ടൈറ്റൻസ് ബൗളർമാരെ നിലംതൊടീച്ചില്ല. വെറും 45 പന്തിൽ നിന്ന് 8 ഫോറുകളും 7 സിക്സറുകളുമടക്കം 101 റൺസ് നേടിയ തിലക് പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ മുംബൈ 199/5 എന്ന മികച്ച സ്കോറിലെത്തി. ഗുജറാത്തിനായി റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകർന്നടിഞ്ഞ് ഗുജറാത്ത്

200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് ആദ്യ പന്തിൽ തന്നെ സായ് സുദർശനെ (0) നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ വന്ന ജോസ് ബട്‌ലറെ (5) ഹാർദിക് പാണ്ഡ്യയും മടക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ശുഭ്‌മന്‍ ഗില്ലും (14) സായ് സുദർശനും ചേർന്ന് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അശ്വനി കുമാർ ഗില്ലിനെ പുറത്താക്കി മുംബൈയ്ക്ക് ബ്രേക്ക് ത്രൂ നൽകി.മധ്യ ഓവറുകളിൽ മിച്ചൽ സാന്‍റ്‌നറും അല്ലാ ഗസൻഫറും പിടിമുറുക്കിയതോടെ ഗുജറാത്ത് വിക്കറ്റുകൾ തുടർച്ചയായി വീണു. സ്കോർ 56-ൽ നിൽക്കെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ടൈറ്റൻസിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അശ്വനി കുമാർ തന്‍റെ മാരകമായ സ്പെല്ലിലൂടെ രാഹുൽ തേവാതിയ, റാഷിദ് ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെ പുറത്താക്കി നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 15.5 ഓവറിൽ വെറും 100 റൺസിന് ഗുജറാത്ത് ഇന്നിംഗ്സ് അവസാനിച്ചു.മുംബൈയ്ക്കായി അശ്വനി കുമാർ 4 വിക്കറ്റും, മിച്ചൽ സാന്‍റ്‌നര്‍, ഗസൻഫർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സെഞ്ച്വറി വീരൻ തിലക് വർമ്മയാണ് കളിയിലെ താരം.