ഐപിഎൽ എൽ ക്ലാസിക്കോ: മുംബൈ-ചെന്നൈ പോരാട്ടം ഇന്ന് വാങ്കഡെയിൽ

ഐപിഎൽ എൽ ക്ലാസിക്കോ: മുംബൈ-ചെന്നൈ പോരാട്ടം ഇന്ന് വാങ്കഡെയിൽ

മുംബൈ: ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടമായ 'എൽ ക്ലാസിക്കോ'യിൽ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. എന്നാൽ ആരാധകർ ഉറ്റുനോക്കുന്ന എം.എസ്. ധോണി, രോഹിത് ശർമ്മ എന്നിവരുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.

ധോണിയുടെ മടങ്ങിവരവ് നീളുമോ?

സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പേശീവലിവ് (Calf Strain) നേരിട്ട എം.എസ്. ധോണി ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിശീലനം പുനരാരംഭിച്ചെങ്കിലും മുംബൈക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നാണ് 'റെവ് സ്പോർട്‌സ്' റിപ്പോർട്ട് ചെയ്യുന്നത്. ധോണി പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്നും, മെയ് 21-ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാകും അദ്ദേഹം മടങ്ങിവരാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അന്തിമ തീരുമാനം ധോണി തന്നെയായിരിക്കും എടുക്കുക.

ബുധനാഴ്‌ച നടന്ന പരിശീലന സെഷനിൽ താരം വിക്കറ്റ് കീപ്പിംഗും ബാറ്റിംഗും നടത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം നെറ്റ്‌സിൽ ചിലവഴിച്ച ധോണി തകർപ്പൻ ഷോട്ടുകൾ കളിച്ചെങ്കിലും ചില പന്തുകൾ നേരിടുന്നതിൽ ബുദ്ധിമുട്ടി. ധോണിയുടെ ലഭ്യത മെഡിക്കൽ ടീമിന്‍റേയും അദ്ദേഹത്തിന്‍റേയും ആത്മവിശ്വാസത്തെ ആശ്രയിച്ചിരിക്കുമെന്ന് ബോളിംഗ് കോച്ച് എറിക് സിമ്മൺസ് പറഞ്ഞു. ഇതിനിടെ, സ്റ്റേഡിയത്തിലെ റോബോട്ടിക് നായയുമായി ധോണി സമയം ചിലവഴിച്ചതും ശ്രദ്ധേയമായി.

രോഹിത് ശർമ്മയുടെ പരിക്ക്

മുംബൈ ക്യാമ്പിലും ആശങ്കകൾ കുറവല്ല. ആദ്യ നാല് മത്സരങ്ങളിൽ കളിച്ച രോഹിത് ശർമ്മയ്ക്ക് പത്ത് ദിവസം മുൻപ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്ക് ഏറ്റിരുന്നു. ഇന്നലെ കുടുംബത്തോടൊപ്പം സ്റ്റേഡിയത്തിലെത്തിയ രോഹിത് നെറ്റ്‌സിൽ ബാറ്റിംഗ് നടത്തി. പരിക്കിന്‍റെ അസ്വസ്ഥതകൾ കാര്യമായി പ്രകടിപ്പിക്കാത്ത രോഹിത്തിന്‍റെ കാര്യത്തിൽ ടോസ് സമയത്ത് മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്ന് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റ് അറിയിച്ചു.

സൂര്യകുമാർ യാദവിന്‍റെ പരിശീലനം

മുംബൈയുടെ മറ്റൊരു പ്രധാന താരം സൂര്യകുമാർ യാദവ് ബുധനാഴ്ച മൂന്ന് തവണയാണ് ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയത്. കഴിഞ്ഞ സീസണിലെ സ്ഥിരത നിലനിർത്താൻ കഴിയാത്ത സൂര്യകുമാറിന് ഡൽഹിക്കെതിരായ മത്സരത്തിലെ അർദ്ധ സെഞ്ചുറി മാത്രമാണ് ഈ സീസണിലെ ഏക ആശ്വാസം.ചെന്നൈയും മുംബൈയും നേർക്കുനേർ വരുമ്പോൾ വമ്പൻ താരങ്ങളുടെ പരിക്കും മടങ്ങിവരവും മത്സരഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.