FIFA WORLDCUP 2026: ജോർദ്ദാൻ അരങ്ങേറ്റം ഉജ്ജ്വലമാക്കി,പക്ഷേ ഫലം കണ്ടില്ല ,ഓസ്ട്രിയക്ക് തകർപ്പൻ തുടക്കം...

സാൻ്റാ ക്ലാര: ലോകകപ്പ് വേദിയിൽ അരങ്ങേറ്റക്കാരായ ജോർദാൻ്റെ പോരാട്ടവീര്യത്തെ തകർത്ത് ഓസ്ട്രിയക്ക് തകർപ്പൻ തുടക്കം. സാൻ്റാ ക്ലാരയിൽ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയൻ പട ജോർദാനെ കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളിലൂടെ ജോർദാൻ ശക്തമായി തിരിച്ചടിച്ചെങ്കിലും, മത്സരത്തിന്‍റെ അവസാന മിനിറ്റുകളിലെ നിർഭാഗ്യവും പെനാൽറ്റിയും അവർക്ക് തിരിച്ചടിയാവുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന നയിക്കുന്ന ഗ്രൂപ്പിൽ ഈ വിജയത്തോടെ ഓസ്ട്രിയ നിർണായകമായ മൂന്ന് പോയിന്‍റുകൾ സ്വന്തമാക്കി.മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. എന്നാൽ കളിയിലെ 20-ാം മിനിറ്റിൽ റൊമാനോ സ്‌മിഡ് നേടിയ ക്ളാസിക് ഗോളിലൂടെ ഓസ്ട്രിയ മത്സരത്തിൽ ആദ്യ ലീഡ് എടുത്തു. ജോർദാൻ ഗോൾകീപ്പർ യാസീദ് അബുലൈലയെ മറികടന്ന് പന്ത് വലയിലെത്തിച്ച താരത്തിന്‍റെ ഗോൾ ഓസ്ട്രിയക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഒന്നാം പകുതിയിൽ ഈ ഒരു ഗോളിന്‍റെ ലീഡിൽ ഓസ്ട്രിയ മുന്നിട്ടുനിന്നു.

ചരിത്രം കുറിച്ച് ജോർദാൻ്റെ തിരിച്ചടി

രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ (50-ാം മിനിറ്റ്) സ്റ്റേഡിയത്തെ അമ്പരപ്പിച്ചുകൊണ്ട് ജോർദാൻ സമനില ഗോൾ നേടി. തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ കുറിച്ച് അലി ഓൾവാൻ ആണ് ജോർദാന്‍റെ രക്ഷകനായത്. പ്രതിരോധ നിരയെ വെട്ടിച്ച് പോസ്റ്റിന്‍റെ ദൂരെയുള്ള മൂലയിലേക്ക് അലി ഉതിർത്ത തകർപ്പൻ ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. ഇതോടെ മത്സരം 1-1 എന്ന നിലയിലായി.മത്സരത്തിന്‍റെ 67-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഓസ്ട്രിയൻ താരം മാർക്കോ അർനൗട്ടോവിച്ച് ഒരു ഗോൾ നേടിയെങ്കിലും, അതിന് തൊട്ടുമുമ്പ് ഹാൻഡ്‌ബോൾ നടന്നതിനാൽ വാര്‍ പരിശോധനയിലൂടെ റഫറി അത് റദ്ദാക്കി.എന്നാൽ കളി അവസാനിക്കാൻ 14 മിനിറ്റ് ബാക്കിയുള്ളപ്പോൾ ജോർദാന് നിർഭാഗ്യം ഓൺ ഗോളിന്‍റെ രൂപത്തിൽ തിരിച്ചടിയായി. ഓസ്ട്രിയൻ കോർണർ കിക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ പ്രതിരോധ താരം യാസൻ അൽ-അറബിന്‍റെ ശരീരത്തിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറി (2-1). ഒടുവിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മാർക്കോ അർനൗട്ടോവിച്ച് ഓസ്ട്രിയയുടെ വിജയം 3-1 എന്ന് ഉറപ്പിച്ചു.