IPL 2026: ചരിത്രം തിരുത്തി പഞ്ചാബ്; ഡൽഹിയുടെ കൂറ്റൻ ലക്ഷ്യം മറികടന്ന് റെക്കോർഡ് വിജയം

IPL 2026: ചരിത്രം തിരുത്തി പഞ്ചാബ്; ഡൽഹിയുടെ കൂറ്റൻ ലക്ഷ്യം മറികടന്ന് റെക്കോർഡ് വിജയം

ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ച് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 265 റൺസെന്ന ഹിമാലയൻ ലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കെ മറികടന്ന് പഞ്ചാബ് കിംഗ്‌സ് അവിശ്വസനീയ വിജയം സ്വന്തമാക്കി. ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗിന്‍റേയും നായകൻ ശ്രേയസ് അയ്യരുടെയും തകർപ്പൻ പ്രകടനങ്ങളാണ് ഏറ്റവും ഉയർന്ന റൺ ചേസ് വിജയത്തിലേക്ക് പഞ്ചാബിനെ നയിച്ചത്.

പവർപ്ലേയിലെ വെടിക്കെട്ട്

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി പ്രഭ്‌സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും ചേർന്ന് കൊടുങ്കാറ്റഴിച്ചുവിടുകയായിരുന്നു. ആദ്യ ഓവർ മുതൽ ഡൽഹി ബൗളർമാരെ കടന്നാക്രമിച്ച സഖ്യം വെറും 6 ഓവറിൽ 116 റൺസാണ് അടിച്ചുകൂട്ടിയത്. പ്രഭ്‌സിമ്രാൻ സിംഗ് വെറും 26 പന്തിൽ നിന്ന് 9 ഫോറും 5 സിക്സറുമടക്കം 76 റൺസ് അടിച്ചെടുത്തു. 18 പന്തിൽ നിന്നായിരുന്നു അർധസെഞ്ചുറി. പവർപ്ലേയിലെ അവസാന ഓവറിൽ മുകേഷ് കുമാറിനെതിരെ തുടർച്ചയായി ആറ് ഫോറുകൾ നേടിയ പ്രഭ്‌സിമ്രാൻ ആരാധകരെ ആവേശത്തിലാഴ്ത്തി. 17 പന്തിൽ 43 റൺസ് നേടിയ പ്രിയാൻഷ് ആര്യയും മികച്ച പിന്തുണ നൽകി.

അയ്യരുടെ നായക പ്രകടനം

ഓപ്പണർമാർ നൽകിയ മികച്ച തുടക്കം പാഴാക്കാതെ നായകൻ ശ്രേയസ് അയ്യർ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. കുൽദീപ് യാദവ് ഇടയ്ക്ക് വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അയ്യർ പതറിയില്ല. 36 പന്തിൽ നിന്ന് 71 റൺസുമായി അയ്യർ പുറത്താകാതെ നിന്നു. 3 ഫോറും 6 സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. അവസാന നിമിഷം ശശാങ്ക് സിംഗിനെ (19*) കൂട്ടുപിടിച്ച് അയ്യർ പഞ്ചാബിനെ വിജയതീരത്തെത്തിച്ചു.

രാഹുലിന്‍റെ വീരോചിത പോരാട്ടം വെറുതെയായി

ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കെ.എൽ. രാഹുൽ നടത്തിയ ബാറ്റിംഗ് വിസ്മയം തോൽവിയോടെ അവസാനിച്ചു. 152 റൺസെടുത്ത് പുറത്താകാതെ നിന്ന രാഹുൽ, ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. രാഹുലിന്‍റെ മികവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് ഡൽഹി കുറിച്ചത്. എന്നാൽ പഞ്ചാബ് ബാറ്റർമാരുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിന് മുന്നിൽ ഈ സ്കോറും സുരക്ഷിതമായിരുന്നില്ല.

ലുങ്കി എൻഗിഡിക്ക് പരിക്ക്

മത്സരത്തിനിടെ ഡൽഹി പേസർ ലുങ്കി എൻഗിഡിക്ക് പരിക്കേറ്റത് സങ്കടത്തിലാഴ്ത്തി. പ്രിയാൻഷ് ആര്യയുടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ച് വീണ താരത്തെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം സ്റ്റേഡിയം മുഴുവൻ കനത്ത നിശബ്ദതയിലായിരുന്നു. ഈ വിജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ പഞ്ചാബ് കിംഗ്‌സിനായി.