മണൽ ഖനന തർക്കം: ബിജെപി നേതാവിനെയും സംഘത്തെയും കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

കൊറിയ :ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി നേതാവുംവിനേയും മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്) ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിൽ തീക്കൊളുത്തി കൊലപ്പെടുത്തി. നൗഗെയിൻ ഗ്രാമത്തിൽ വെച്ച് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം .ഭരത് സിംഗ് സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്.യു.വി ട്രക്കുകൾ ഉപയോഗിച്ച് തടഞ്ഞുവെച്ച ശേഷം പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.മണൽ ഖനന കരാറുകളെ ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും ബിജെപി നേതാവ് മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന തർക്കമാണ് ഈ ക്രൂരതയിലേക്ക് നയിച്ചത്. മണൽ കടത്തും ബന്ധപ്പെട്ട അനധികൃത വരുമാനവും സംബന്ധിച്ചുള്ള തർക്കങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായിരുന്നു. കഴിഞ്ഞദിവസം രാത്രി പ്രശ്നപരിഹാരത്തിനായി ചർച്ചയ്ക്ക് പോയതായിരുന്നു ഭരത് സിംഗ്. എന്നാൽ, ഇത് ആസൂത്രിതമായ ഒരു കെണിയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കാറിന് മുൻപിലും പിൻപിലും ട്രക്കുകൾ തടസ്സം സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള വഴി അടച്ചശേഷമായിരുന്നു അക്രമികൾ തീവെച്ചത്.
സംഭവത്തിൽ അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ഒൻപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭരത് സിംഗിനൊപ്പം ഉണ്ടായിരുന്ന വീരേന്ദ്ര സിംഗ്, നാഗേന്ദ്ര സിംഗ് എന്നിവരും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മയങ്ക് സിംഗ് ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി.