അൾജീരിയൻ ഗോൾവലയം കാത്ത അതികായൻ, ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്‍റെ മകൻ

അൾജീരിയൻ  ഗോൾവലയം കാത്ത അതികായൻ, ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്‍റെ മകൻ

കാൻസസ് സിറ്റി:ഫിഫ ലോകകപ്പിൽ  അൾജീരിയൻ ഫുട്ബോൾ ടീമിന്റെ ഗോൾ വലയം കാക്കുന്നത് ഇതിഹാസതാരം സിനദിൻ സിദാന്റെ മകനായ ലൂക്ക സിദാൻ (Luca Zidane) ആണ് നിലവിൽ സ്പാനിഷ് ക്ലബ്ബായ ഗ്രാനഡയ്ക്കായി കളിക്കുന്ന അദ്ദേഹം, അൾജീരിയൻ വേരുകൾ ഉപയോഗിച്ച് 2025-ൽ ഫിഫയുടെ അനുമതിയോടെ ഫ്രാൻസിൽ നിന്ന് അൾജീരിയയിലേക്ക് രാജ്യാന്തര കരിയർ മാറ്റുകയായിരുന്നു.

മെസ്സിയുടെ ഹാട്രിക് കരുത്തിൽ അർജന്‍റീനയോട് 3-0 ന് പരാജയപ്പെട്ടെങ്കിലും, ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്‍റെ മകൻ ലൂക്കാ സിദാൻ അൾജീരിയൻ ജേഴ്‌സിയില്‍ ലോകകപ്പ് വേദിയിലെത്തിയത് ഫുട്ബോൾ ലോകത്ത് തരംഗമായി മാറി. ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ 'സിദാൻ' എന്ന കുടുംബപ്പേരുമായി ഇന്ന് നടന്ന മത്സരത്തിൽ ഗ്ലൗസണിഞ്ഞ ഇരുപത്തിയെട്ടുകാരനായ ഈ ഗോൾകീപ്പർ, പിതാവിന്‍റെ വലിയ പാരമ്പര്യത്തിന്‍റെ തണലിലല്ലാതെ സ്വന്തം വിലാസമുണ്ടാക്കാനാണ് ലോകകപ്പ് വേദിയിൽ ലക്ഷ്യമിടുന്നത്.



ഫ്രാൻസിൽ നിന്നും അൾജീരിയയിലേക്ക്

ഫ്രാൻസിൽ ജനിച്ച ലൂക്കാ യൂത്ത് തലത്തിൽ ഫ്രഞ്ച് ദേശീയ ടീമിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ തന്‍റെ പിതാവ് സിദാന്‍റെ മാതാപിതാക്കളുടെ ജന്മനാടായ അൾജീരിയയോടുള്ള ആഭിമുഖ്യം കാരണം 2025ൽ അദ്ദേഹം അന്താരാഷ്ട്ര പദവി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 2001ൽ പിതാവ് റയൽ മാഡ്രിഡിലേക്ക് മാറിയതിനെത്തുടർന്ന് ലൂക്കായുടെ കുട്ടിക്കാലം ഭൂരിഭാഗവും സ്പെയിനിലാണ് കഴിഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ അൾജീരിയയ്ക്കായി സീനിയർ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് സ്ക്വാഡിലും ഇടം നേടിയിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ നൈജീരിയയോട് തോറ്റ് അൾജീരിയ പുറത്താകുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ അവസാന വാരം ഗ്രനാഡയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ അൽമേരിയ താരം താലിസുമായി ഉണ്ടായ ഒരു കൂട്ടയിടിയിൽ ലൂക്കായുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്‌തിരുന്നു. ഈ പരിക്ക് കാരണം ലോകകപ്പ് പൂർണ്ണമായും നഷ്ടമാകുമെന്ന് കടുത്ത ആശങ്കയുണ്ടായിരുന്നു. എന്നാൽ കഠിനമായ കായികക്ഷമത വീണ്ടെടുത്ത താരം മുഖത്ത് പ്രത്യേക സുരക്ഷാ മാസ്‌ക് ധരിച്ചാണ് ഇന്ന് അൾജീരിയയുടെ ലോകകപ്പ് ഓപ്പണറിൽ ഗ്ലൗസണിഞ്ഞത്.

 ഈ ലോകകപ്പിലെ തുടക്കം പരാജയത്തിലൂടെയാണെങ്കിലും  പരിക്കിനോട് പോരാടി ലോകകപ്പ് കളിക്കാനിറങ്ങിയ ലൂക്കാ സിദാന്‍റെ സാന്നിധ്യം വരും മത്സരങ്ങളിൽ അൾജീരിയയ്ക്ക് വലിയ ആത്മവിശ്വാസം നൽകും.