FIFA WORLD CUP 2026: കേപ് വെർഡെ സ്വപ്ന നോക്കൗട്ട് സ്ഥാനം ഉറപ്പിച്ചു, സ്പെയിനിന്റെ തോൽവിയോടെ ഉറുഗ്വേ പുറത്തായി.

FIFA WORLD CUP 2026: കേപ് വെർഡെ സ്വപ്ന നോക്കൗട്ട് സ്ഥാനം ഉറപ്പിച്ചു, സ്പെയിനിന്റെ തോൽവിയോടെ ഉറുഗ്വേ പുറത്തായി.

ഗ്വാഡലഹാര:  അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ച ഉറുഗ്വെ ഒരു ജയം പോലുമില്ലാതെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു പുറത്ത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തി, വിജയ ചരിത്രമെഴുതിയ കാബോ വെര്‍ദെ (കേപ് വെര്‍ദെ) ടീം നോക്കൗട്ടിലേക്ക്. ഈ ഗ്രൂപ്പില്‍ നിന്നു സ്‌പെയിന്‍ ഉറുഗ്വെയെ അവസാന മത്സരത്തില്‍ വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായും കാബോ വെര്‍ദെ മൂന്നില്‍ മൂന്ന് മത്സരങ്ങളിലും സമനില പിടിച്ച് 3 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും റൗണ്ട് ഓഫ് 32ല്‍.

കളിച്ച മൂന്ന് കളിയില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി ഉറുഗ്വെ വെറും 2 പോയിന്റുമായി പുറത്തേക്ക്.

ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ച് സൗദി അറേബ്യയേയും മെരുക്കിയാണ് കാബോ വെര്‍ദെ ചരിത്ര നേട്ടത്തിലെത്തിയത്. ഈ ഗ്രൂപ്പില്‍ നിന്നു സ്‌പെയിനിനൊപ്പം ഉറുഗ്വെ നോക്കൗട്ടിലെത്തുമെന്ന പ്രതീക്ഷയാണ് കാബോ വെര്‍ദെ അട്ടിമറിച്ചത്.ആദ്യ പകുതിയില്‍ അലക്‌സ് ബയേന നേടിയ ഒറ്റ ഗോള്‍ ബലത്തിലാണ് സ്‌പെയിന്‍ ഉറുഗ്വെയെ അവസാന പോരില്‍ വീഴ്ത്തിയത്. 42ാം മിനിറ്റില്‍ ഉറുഗ്വെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ അബദ്ധമാണ് ഗോളിനു വഴിയൊരുക്കിയത്.42ാം മിനിറ്റില്‍ മാര്‍ക്കോസ് ലൊറന്റെ നല്‍കിയ അസിസ്റ്റില്‍ നിന്നു സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ബയേന ബോക്‌സിനു പുറത്തു നിന്നെടുത്ത ഷോട്ട് ഉറുഗ്വെ ഗോള്‍ കീപ്പര്‍ മുസ്ലേരയുടെ കൈയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഈ ഒറ്റ ഗോള്‍ ലീഡിലാണ് സ്‌പെയിന്‍ ജയിച്ചു കയറിയത്.

മൂര്‍ച്ചയേറിയ സ്പാനിഷ് ആക്രമണങ്ങളെ പ്രതിരോധിച്ച് ഹൈ പ്രസിങ് ഫുട്‌ബോള്‍ കളിച്ചിട്ടും വിഖ്യാത പരിശീലകന്‍ മാര്‍സലോ ബിയേല്‍സയുടെ ഉറുഗ്വെ നോക്കൗട്ട് കാണാതെ പുറത്ത്.സ്‌പെയിന്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ പുറത്തെടുത്ത കടും പ്രതിരോധം കാബോ വെര്‍ദെ സൗദിക്കെതിരേയും കളത്തില്‍ നടപ്പാക്കി. ഒറ്റ ഗോള്‍ പോലും നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. എന്നാല്‍ കളിച്ച മൂന്ന് കളിയിലും എതിരാളികളെ ജയിക്കാന്‍ സമ്മതിക്കാതെ കാബോ വെര്‍ദെ ചരിത്രമെഴുതുകയായിരുന്നു.3 പോയിന്റുമായി അവര്‍ നോക്കൗട്ടില്‍. 32ല്‍ അര്‍ജന്റീനയാണ് കാബോ വെര്‍ദെയുടെ എതിരാളികള്‍.