മെസ്സിക്ക് ഒരു നിയമം, മറ്റുള്ളവർക്ക് മറ്റൊരു നിയമമോ? ബലോഗുൻ്റെ ചുവപ്പ് കാർഡ് വിഷയത്തിൽ അമേരിക്കയിൽ രോഷം

മുംബൈ : ബോസ്‌നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് അമേരിക്ക പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയ മത്സരത്തിൽ യു.എസ് സ്ട്രൈക്കർ ഫോളാരിൻ ബാലോഗന് ചുവപ്പ് കാർഡ് നൽകിയ റഫറിയുടെ തീരുമാനം വിവാദമാകുന്നു . മുൻപ് സൂപ്പർ താരം ലയണൽ മെസ്സി നടത്തിയ സമാനമായ കടുത്ത ഫൗളിന് മഞ്ഞക്കാർഡ് പോലും നൽകാതിരുന്ന ഫിഫ, ബാലോഗനെതിരെ മാത്രം കടുത്ത നടപടിയെടുത്തത് ഇരട്ടത്താപ്പാണെന്ന് ആരാധകരും കളിക്കാരും ആരോപിക്കുന്നു.
കളിയുടെ രണ്ടാം പകുതിയിൽ ബാലോഗൻ പുറത്തായതിനെ തുടർന്ന് അരമണിക്കൂറിലധികം പത്ത് പേരുമായാണ് അമേരിക്ക പൊരുതിയത്. ബോസ്‌നിയന്‍ താരം താരിഖ് മുഹറെമോവിച്ചിന്‍റെ കണങ്കാലിൽ ചവിട്ടിയതിനാണ് ബാലോഗന് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ചുവപ്പ് കാർഡ് നൽകിയത്. ഫൗൾ നടന്ന ഉടനെ റഫറി കാർഡ് എടുത്തിരുന്നില്ലെങ്കിലും വി.എ.ആർ നിർദ്ദേശപ്രകാരം ഓൺ-ഫീൽഡ് വീഡിയോ റിവ്യൂ നടത്തിയ ശേഷമാണ് ചുവപ്പ് കാർഡ് പുറത്തെടുത്തത്. എന്നാൽ പത്ത് പേരായി ചുരുങ്ങിയിട്ടും മികച്ച കളി പുറത്തെടുത്ത അമേരിക്കൻ നിര വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മെസ്സി വിവാദം വീണ്ടും ചർച്ചകളിൽ
ബാലോഗന്‍റെ ചുവപ്പ് കാർഡിന് പിന്നാലെ അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിക്കെതിരെ ലയണൽ മെസ്സി നടത്തിയ സമാനമായ ഫൗൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. അർജന്‍റീന മുന്നിട്ടുനിന്ന ആ മത്സരത്തിൽ മെസ്സിയുടെ ബൂട്ട് മാൻഡിയുടെ കാലിൽ ശക്തമായി പതിഞ്ഞിട്ടും പോളിഷ് റഫറി സൈമൺ മാർസിനിയാക് ഫൗൾ വിളിച്ചതല്ലാതെ മഞ്ഞക്കാർഡ് പോലും നൽകിയിരുന്നില്ല.
അന്ന് വി.എ.ആർ ടീം റിവ്യൂ ചെയ്യാൻ പോലും വിസമ്മതിച്ച ആ സംഭവവും ബാലോഗന്‍റെ പുറത്താക്കലും ഒത്തുനോക്കി ഫിഫയുടെ റഫറിയിംഗിലെ വിവേചനത്തെ ആരാധകർ ശക്തമായി വിമർശിക്കുകയാണ്. വി.എ.ആർ സംവിധാനത്തിലെ ഈ ഇരട്ടത്താപ്പിനെതിരെ പ്രമുഖ പരിശീലകൻ ഹോസെ മൊറീഞ്ഞോയും കടുത്ത ഭാഷയിൽ പ്രതികരിച്ചു. സിസ്റ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ ഭ്രാന്തൻ എന്ന് വിളിക്കുന്നവർ ഇന്ന് ലോകം മുഴുവൻ ആ തിരക്കഥ സ്വന്തം കണ്ണുകൊണ്ട് കണ്ടുവെന്നാണ് മൊറീഞ്ഞോ വ്യക്തമാക്കിയത്.
പ്രതികരണവുമായി അമേരിക്കൻ കോച്ച്
റഫറിയുടെ തീരുമാനത്തിനെതിരെ അമേരിക്കൻ കോച്ച് മൗറീഷ്യോ പൊചെറ്റിനോ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എതിരാളിയെ പരിക്കേൽപ്പിക്കാൻ ബാലോഗൻ ബോധപൂർവ്വം ചെയ്‌തതല്ലെന്നും പന്തിനായുള്ള പോരാട്ടത്തിനിടയിൽ സ്വാഭാവികമായി സംഭവിച്ച ഒന്നുമാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും അത് ചുവപ്പ് കാർഡ് അർഹിക്കുന്നില്ലെന്നും ഫുട്ബോളിൽ ഇതൊക്കെ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നതിനാൽ ബെൽജിയത്തിനെതിരായ അമേരിക്കയുടെ നിർണായകമായ പ്രീ-ക്വാർട്ടർ മത്സരം ബാലോഗന് നഷ്ടമാകും.