ബെൽഫാസ്റ്റിൽ നടക്കുന്ന ഇന്ത്യ vs അയർലൻഡ് ആദ്യ ടി20 :ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച് ശ്രേയസ് അയ്യർ

ബെൽഫാസ്റ്റ്: നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ ഒരു പുതിയ ടി20 യുഗത്തിന് തുടക്കമിട്ട് ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ. മലയാളി താരം സഞ്ജു സാംസണിന്‍റെ തകർപ്പൻ ഫോമും, കൗമാര വിസ്‌മയം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതയുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വൈഭവിന് ഓപ്പണിങ്ങിൽ അവസരം നൽകിയാൽ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമയ്ക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായേക്കും.സമീപകാലത്തെ സ്ഥിരതയാർന്നതും സ്ഫോടനാത്മകവുമായ പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടോപ്പ് ഓർഡറിൽ സഞ്ജു തന്‍റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സഞ്ജുവും ഇഷാൻ കിഷനും അടങ്ങുന്ന ഇന്ത്യൻ മുൻനിര ബാറ്റിംഗ് നിര അയർലൻഡ് ബൗളർമാർക്ക് കടുത്ത വെല്ലുവിളിയാകും.
വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റവും അഭിഷേകിന്‍റെ സ്ഥാനവും
സഞ്ജുവിന്‍റെ ബാറ്റിംഗ് മികവിനൊപ്പം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ്. ഐപിഎല്ലിലെയും ഇന്ത്യ എ ടീമിന് വേണ്ടിയുമുള്ള മാച്ച് വിന്നിംഗ് പ്രകടനങ്ങളിലൂടെയാണ് വൈഭവ് ദേശീയ ടീമിൽ ഇടംനേടിയത്.
എന്നാൽ സഞ്ജു സാംസണൊപ്പം വൈഭവ് ഓപ്പൺ ചെയ്യുകയാണെങ്കിൽ, നിലവിൽ ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമയ്ക്ക് സ്ഥാനം നഷ്ടമായേക്കും. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ അടുത്ത 7 മത്സരങ്ങൾക്കുള്ളിൽ വൈഭവിനെ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചാൽ അഭിഷേകിന് പുറത്തിരിക്കേണ്ടി വരും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ഫോർമാറ്റിലേക്ക് തിരിച്ചെത്തുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ഈ സെലക്ഷൻ വലിയൊരു വെല്ലുവിളിയാണ്.
പരിക്കിന്‍റെ പിടിയിൽ ഇരുടീമുകളും
പരിക്കിനെ തുടർന്ന് വരുൺ ചക്രവർത്തി, നിതീഷ് റെഡ്ഡി എന്നിവർ പുറത്തായതോടെ പ്രിൻസ് യാദവ്, സൂര്യൻഷ് ഷെഡ്ഗെ എന്നിവർ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ബൗളിംഗിൽ അർഷ്ദീപ് സിംഗിനൊപ്പം ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും അവസരത്തിനായി കാത്തിരിക്കുന്നു.മറുവശത്ത്, മുൻ നായകൻ പോൾ സ്റ്റിർലിംഗ്, മാർക്ക് അഡയർ, ജോഷ്വ ലിറ്റിൽ, കർട്ടിസ് കാംഫർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പരിക്കിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് ലോർക്കൻ ടക്കർ നയിക്കുന്ന അയർലൻഡ് ടീം. ഇതുവരെ കളിച്ച എട്ട് ടി20 മത്സരങ്ങളിലും അയർലൻഡിനെതിരെ വിജയിച്ച ചരിത്രമുള്ള ഇന്ത്യ ആ മേധാവിത്വം ഇന്നും നിലനിർത്താമെന്ന പ്രതീക്ഷയിലാണ്.
സമയം: ഇന്ന് (വെള്ളി) വൈകിട്ട് 6:00 മണിക്ക്
വേദി: സിവിൽ സർവീസ് ക്രിക്കറ്റ് ഗ്രൗണ്ട്, സ്റ്റോർമോണ്ട്
തത്സമയ സംപ്രേഷണം: സോണി സ്പോർട്‌സ് ടെൻ 1, ടെൻ 5 ചാനലുകളിലും, സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയം കാണാം.
സ്ക്വാഡുകൾ:ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്‌ണോയ്, അഭിഷേക് ശർമ്മ, സൂര്യൻഷ് ഷെഡ്ഗെ, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ, അക്‌സര്‍ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.അയർലൻഡ്: ലോർക്കൻ ടക്കർ (ക്യാപ്റ്റൻ), റോസ് അഡയർ, ബെൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്റെൽ, സ്റ്റീഫൻ ഡോഹെനി, മാത്യു ഹംഫ്രീസ്, ഗാവിൻ ഹോയ്, മാത്യു ഹോളാർഡ്, ലിയാം മക്കാർത്തി, ജയ് മൂന്ദ്ര, ഹാരി ടെക്ടർ, ടിം ടെക്ടർ, റൂബൻ വിൽസൺ.