പൂനെയിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65 കാരന് വധശിക്ഷ

മുംബൈ : പൂനെയിൽ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65-കാരനായ ഭീംറാവു കാംബ്ലെയെ പൂനെ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വമായത്’ എന്ന് വിശേഷിപ്പിച്ചാണ് ജഡ്ജി എസ്.ആർ. സാലുങ്കെയുടെ വിധി.
മെയ് ഒന്നിന് പൂനെയിലെ നസ്രാപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പലഹാരം നൽകിയും പശുക്കിടാവിനെ കാണിക്കാമെന്ന് പറഞ്ഞും പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ചും നെഞ്ചിലേറ്റ മാരകമായ പരിക്കുകളാലും കുട്ടി മരണപ്പെടുകയുമായിരുന്നു. കുട്ടി കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ പ്രതി യാതൊരുവിധ കുറ്റബോധവും പ്രകടിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കാമപൂർത്തീകരണത്തിനായി പ്രതി ക്രൂരമായി കൊലപ്പെടുത്തി. ഇയാളുടെ പ്രായം പോലും പരിഗണിക്കാതെ, സമൂഹത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് നടന്നത്, ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കി. മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിക്ക് നിയമത്തെ ഭയമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൽ റെക്കോർഡ് വേഗത്തിലാണ് കുറ്റപത്രം സമർപ്പിക്കുകയും വിധി പറയുകയും ചെയ്തത്. പൂനെ റൂറൽ പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 15 ദിവസത്തിനുള്ളിൽ തെളിവുകൾ ശേഖരിച്ചു. 1,200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ 55 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പൂനെ എസ്പി സന്ദീപ് സിംഗ് ഗില്ലിന്റെയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് മിസാറിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭിനന്ദിച്ചു.