മുംബൈയിൽ ശക്തമായ മഴ: പ്രാന്തപ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും

മുംബൈയിൽ ശക്തമായ മഴ: പ്രാന്തപ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും

മുംബൈ: ഇന്ന് പുലർച്ചെ മുംബൈയിലുണ്ടായ  ശക്തമായ മഴയിൽ നഗരത്തിൻ്റെ  പ്രാന്തപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെറും നാല് മണിക്കൂറിനുള്ളിൽ പലയിടങ്ങളിലും 100 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു.ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മുളുണ്ട് പ്രദേശത്ത് വീണ നഗറിൽ 160.4 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. വെർസോവയിൽ 156.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

മധ്യരാത്രി മുതൽ പുലർച്ചെ നാല് മണി വരെയായിരുന്നു അതിശക്തമായ മഴ പെയ്തത്. മുളുണ്ടിലെ എൽ.ബി.എസ് റോഡ്, അന്ധേരി സബ്‌വേ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ കാര്യമായി ബാധിച്ചു. വെള്ളം കയറിയതിനെത്തുടർന്ന് ചിലയിടങ്ങളിൽ വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടെങ്കിലും അധികൃതർ അടിയന്തരമായി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു. വരും മണിക്കൂറുകളിലും ജാഗ്രത തുടരണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.