"ഭാര്യ വേർപിരിഞ്ഞതിന് ലോകത്തോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു ": ഫയാസ് പ്രേംജിയുടെ മൊഴി

"ഭാര്യ വേർപിരിഞ്ഞതിന്  ലോകത്തോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു ": ഫയാസ് പ്രേംജിയുടെ മൊഴി

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്   ഭാര്യയുമായി വേർപിരിഞ്ഞതിലുള്ള പക മൂലമാണെന്ന് പ്രതി ഫയാസ് പ്രേംജി. “ലോകത്തോട് പ്രതികാരം ചെയ്യാനാണ്” താൻ ഇത്തരമൊരു കൃത്യം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു .

ഏകദേശം 15,000 പേരെ കൊലപ്പെടുത്തുകയായിരുന്നു  ലക്ഷ്യം.പുണെയിലെ വിമാൻ നഗർ സ്വദേശിയായ ഫയാസ് പ്രേംജി 15 ദിവസത്തിലേറെയായി ഡോംഗ്രിയിലെ ഒരു ഗസ്റ്റ് ഹൗസിൽ താമസിച്ചുവരികയായിരുന്നു. അവിടെവെച്ചാണ് ഇയാൾ 30,000 ഒഴിഞ്ഞ ഗുളികകൾ വാങ്ങി അതിൽ 14,900 എണ്ണത്തിൽ ‘സിങ്ക് ഫോസ്ഫൈഡ്’ എന്ന മാരക വിഷം നിറച്ചത്. 

വിവാഹമോചനത്തിന് ശേഷം ലോകം മുഴുവൻ തനിക്കെതിരായ ഗൂഢാലോചന നടത്തുകയാണെന്ന് വിശ്വസിച്ചാണ് ഇയാൾ ഇങ്ങനെയൊരു നീചമായ കൃത്യത്തിന് മുതിർന്നതെന്ന് പോലീസ് അറിയിച്ചു.ഘോഷയാത്രയ്ക്കിടെ ബുർഖ ധരിച്ചെത്തിയ ഒരു സ്ത്രീയിലൂടെയാണ് ഇയാൾ ഗുളികകൾ വിതരണം ചെയ്തത്. വേദനസംഹാരികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകൾക്ക് നൽകിയ ഗുളികകൾ കഴിച്ച് പലർക്കും ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്തുനിന്നും 14,900 വിഷഗുളികകൾ പോലീസ് പിടിച്ചെടുത്തു. പെയിന്റ് നിർമ്മാണ യൂണിറ്റിൽ പിതാവിനൊപ്പം ജോലി ചെയ്യുന്ന പ്രതി ഇതിനുമുമ്പ് ഇറാഖിലും ഇറാനിലും ജോലി ചെയ്തിട്ടുണ്ട്.

ഫയാസ് പ്രേംജി മാനസികമായി അസ്വസ്ഥപ്രകടിപ്പിക്കുന്നുണ്ടെന്നും അയാൾ  മാനസിക ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പ്രേംജിയുടെ അമ്മയും സഹോദരിയും ഇറാനിലാണ് താമസിക്കുന്നത്, അദ്ദേഹം അവരുമായി പതിവായി ബന്ധം പുലർത്തുന്നുണ്ട്. ഇറാനിലുള്ള തന്റെ കുടുംബവുമായുള്ള പ്രേംജിയുടെ ബന്ധത്തിന്റെ സ്വഭാവവും  ആയിരക്കണക്കിന് കാപ്സ്യൂളുകൾ നിറയ്ക്കാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന സിങ്ക് ഫോസ്ഫൈഡ്  പ്രതിക്ക്  എങ്ങനെ ലഭിച്ചു എന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ വിശദമായി  അന്വേഷിച്ചുവരികയാണെന്നും ബൈക്കുള പോലീസ് അറിയിച്ചു .

https://www.worldm.news/mumbai/pune-native-fiyaz-arrested--31729