മുംബൈയിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എ.ഐ.കെ.എം.സി.സി പ്രവർത്തകൻ മഫ്ലാദ് മഹ്മൂദ് നിര്യാതനായി

മുംബൈ : നഗരത്തിലുണ്ടായ ദാരുണ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ഫോർട്ട് ബ്രാഞ്ച് പ്രസിഡന്റും കേരള മുംബൈ ജമാഅത്ത് ട്രഷറർ ഇരഞ്ചിക്കൽ വക്ക്മാൻ മഹ്മൂദിന്റെ മകനുമായ മഫ്ലാദ് മഹ്മൂദ് (37) ഇന്ന് (ജൂൺ 21) ഉച്ചയ്ക്ക് ബോംബെ ഹോസ്പിറ്റലിൽ നിര്യാതനായി.കഴിഞ്ഞ ജൂൺ 18-ന് മുംബൈ ഫോർട്ട് പ്രദേശത്തെ പിതാവിന്റെ കെട്ടിട നിർമാണ സ്ഥലത്ത് സർവീസ് ലിഫ്റ്റ് തകർന്നു താഴേക്ക് പതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് മഫ്ലാദ് മഹ്മൂദിനും ജെസ്റ്റൻ മിർഷാദ് മഹ്മൂദിനും ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മഫ്ലാദ് മഹ്മൂദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജെസ്റ്റൻ മിർഷാദ് മഹ്മൂദ് ഇപ്പോഴും ചികിത്സയിലാണ്.
സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മഫ്ലാദ് മഹ്മൂദിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിനും എ.ഐ.കെ.എം.സി.സി പ്രവർത്തകർക്കും തീരാനഷ്ടമാണെന്ന് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർപറഞ്ഞു.വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് കുടുംബസമേതം ഒരാഴ്ച മുമ്പാണ് അദ്ദേഹം മുംബൈയിൽ തിരിച്ചെത്തിയത്. അതിനിടെയാണ് ഈ ദാരുണ അപകടം സംഭവിച്ചത്.
ഭാര്യ: മൊഹ്സിന .മക്കൾ: അയാൻ (11), സഹറ (9), സൈനബ് (4).
പിതാവ്: ഇരഞ്ചിക്കൽ വക്ക്മാൻ മഹ്മൂദ്
മാതാവ്: സുഹറ മഹ്മൂദ്
സഹോദരി: മുർഷിദ ഷിബ (ദുബൈ)
സഹോദരൻ: മുദസിർ (ദുബൈ)
നാളെ പുലർച്ചെ 1.15-ന് മുംബൈ മറൈൻ ലൈൻസിലെ ബഡാ കബർസ്ഥാനിലെ പള്ളിയിൽ മയ്യിത്ത് നിസ്കാരം നിർവഹിച്ച ശേഷം ഭൗതികശരീരം സ്വദേശമായ കണ്ണൂർ ജില്ലയിലെ ചെണ്ടയാട്ടേക്ക് കൊണ്ടുപോയി.എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ, പി.എം. ഇഖ്ബാൽ, കെ.എം.എ. റഹ്മാൻ, വി.കെ സൈനുദ്ദീൻ, മഷൂദ് മണിക്കോത്ത്, ഷംനാസ് പോക്കർ, വി.എ. ഖാദർ ഹാജി, അസിം മൗലവി, മുസ്തഫ കുമ്പോൾ, കൊളാബ ഉമ്മർ, റസാഖ് ജമാഅത്ത്, ഹനീഫ ശംസിയ, അസീസ് ഫൗണ്ടൻ പ്ലാസ, അഷ്റഫ് ബദ്രിയ, നൗഷാദ് ധർഗ എന്നിവരടക്കം നിരവധി നേതാക്കളും വിവിധ ബ്രാഞ്ച് ഭാരവാഹികളും പ്രവർത്തകരും ആശുപത്രിയിലും ജനാസ നമസ്കാരത്തിലും പങ്കെടുത്തു.
മഫ്ലാദ് മഹ്മൂദിന്റെ ആകസ്മിക വിയോഗത്തിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്രയുടെ അനുശോചിച്ചു