മുംബൈയിൽ കുടിവെള്ള പ്രതിസന്ധി അതിരൂക്ഷമായി മാറുന്നു

മുംബൈ: കുടിവെള്ളം നൽകുന്ന ഏഴ് പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞതോടെ മുംബൈ കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക് . സാധാരണയായി ജൂൺ പതിനൊന്നോടെ മഹാനഗരത്തിലെത്തേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ ഒരാഴ്ചയിലേറെ വൈകിയതാണ് ജലക്ഷാമത്തിന് പ്രധാന കാരണം. എൽ നിനോ പ്രതിഭാസം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ മൺസൂണിന്റെ വരവിനെ തടസ്സപ്പെടുത്തുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിൽ കർശനമായ ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്വിമ്മിംഗ് പൂളുകൾക്കും നൽകിയിരുന്ന ജലവിതരണം ബിഎംസി താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ, വ്യാവസായിക-വാണിജ്യ സ്ഥാപനങ്ങൾക്ക് ജലവിതരണത്തിൽ 20 ശതമാനം വെട്ടിക്കുറവ് വരുത്താനും തീരുമാനിച്ചു. നേരത്തെ ഏർപ്പെടുത്തിയ 10 ശതമാനം പൊതുവായ ജലവിതരണ നിയന്ത്രണം തുടരും. മൺസൂൺ വൈകുന്ന സാഹചര്യത്തിൽ, ലഭ്യമായ ജലശേഖരം പരമാവധി 40 ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ 25-ഓടെ മാത്രമേ മുംബൈയിൽ മൺസൂൺ മഴ സജീവമാകാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനാവശ്യമായി വെള്ളം പാഴാക്കരുതെന്നും കർശനമായ ജലസംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.