തെലങ്കാന റൈസിങ് ഗ്ലോബൽ ഉച്ചകോടി: കോടികളുടെ നിക്ഷേപവുമായി ആമസോണ്‍

തെലങ്കാന റൈസിങ് ഗ്ലോബൽ ഉച്ചകോടി: കോടികളുടെ നിക്ഷേപവുമായി ആമസോണ്‍

ഹൈദരാബാദ്: ആമസോൺ വെബ് സർവിസസുമായി (AWS) കരാർ ഒപ്പ് വച്ച് തെലങ്കാന സർക്കാർ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച തെലങ്കാന റൈസിങ് ഗ്ലോബൽ ഉച്ചകോടിയിലാണ് 58,000 കോടി രൂപയുടെ നിക്ഷേപത്തിൽ കരാർ ഒപ്പ് വച്ചത്. എഐ സ്റ്റാർട്ടപ്പ്, ക്ലൗഡ്, എൻ്റർപ്രൈസസ് സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കരാരിൻ്റെ ലക്ഷ്യം. കൂടാതെ വലിയ തോതിലുള്ള ക്ലൗഡ് സെൻ്ററിൻ്റെ വിപുലീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതും സർക്കാർ വ്യക്തമാക്കി.സംസ്ഥാനത്ത് മറ്റൊരു വലിയ നിക്ഷേപം ഉറപ്പാക്കി. ഇതിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ ഉടൻ വികസിപ്പിക്കും. ഇതോടെ സംസ്ഥാനം ഒരു പ്രധാന ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചർ കൈവരിച്ചിരിക്കുകയാണ്. 2047ഓടെ തെലങ്കാനയെ മൂന്ന് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന സർക്കാരിൻ്റെ ലക്ഷ്യത്തിന് ഈ കരാർ നിർണായകമാകുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ പ്രസ്‌താവനയിലൂടെ അറിയിച്ചു.

അടുത്ത 14 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ക്ലൗഡ്, എഐ, സ്‌റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, സർക്കാർ സേവന സംവിധാനങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്താനാകും. എഐ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ, ഇന്നൊവേഷൻ എന്നിവ തെലങ്കാനയെ വളർച്ചയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു."ആമസോൺ പോലുള്ള ആഗോള സംരംഭം തെലങ്കാനയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിൽ വളരെ അഭിമാനമുണ്ട്. ഈ വലിയ നിക്ഷേപം നാടിൻ്റെ ഭരണം, സ്ഥിരത എന്നിവയ്‌ക്ക് പുറമേ 'തെലങ്കാന റൈസിങ് 2047' പദ്ധതിയിലേക്കുള്ള വിശ്വാസവും ഉറപ്പിക്കുന്നു. 2047ഓടെ സംസ്ഥാനത്തെ മൂന്ന് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെയും മുന്നോട്ട് നയിക്കുന്നു" - തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പറഞ്ഞു.

ഹൈദരാബാദ് ഇന്ത്യയുടെ ഡാറ്റാ സെൻ്റർ തലസ്ഥാനമായി നിലകൊള്ളും. ഇത് സംസ്ഥാനത്ത് ക്ലൗഡ്, എഐ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചർ, തൊഴിലവസരങ്ങൾ, നവീകരണ അവസരങ്ങൾ എന്നിവ വർധിപ്പിക്കുമെന്നും ഐടി, വ്യവസായ മന്ത്രി ദുഡില്ല ശ്രീധർ ബാബു പറഞ്ഞു.സംസ്ഥാന ചീഫ് സെക്രട്ടറി രാമകൃഷ്‌ണ റാവു, ഐടി വ്യവസായങ്ങളുടെ സ്പെഷ്യൽ ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ, ആമസോൺ വെബ് സർവീസസ് ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡൻ്റ് സന്ദീപ് ദത്ത തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. രണ്ടുദിവസമായി നടക്കുന്ന ഉച്ചകോടിയിൽ രണ്ടര ലക്ഷം കോടി രൂപയ്ക്കടുത്ത് നിക്ഷേപ വാഗ്‌ദാനങ്ങൾ തെലങ്കാന സ്വന്തമാക്കിയിട്ടുണ്ട്. ട്രംപ് ഗ്രൂപ്പിൻ്റേതടക്കം പ്രഖ്യാപനങ്ങളാണ് തെലങ്കാന സ്വന്തമാക്കിയിട്ടുള്ളത്.