2025ൽ ഇന്ത്യയിൽ 'ആപ്പിളി'ന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ടുകൾ

2025ൽ കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമൻ ആപ്പിളിന്‍റെ ഇന്ത്യയിലെ കയറ്റുമതി ഗണ്യമായി വർധിച്ചതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വിപണി ലഭിച്ച വർഷമാണ് 2025 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ കമ്പനിയുടെ വിപണി വിഹിതം വർധിപ്പിക്കാൻ ഇത് സഹായിച്ചു. 2025ൽ ഏകദേശം 152 ദശലക്ഷം യൂണിറ്റുകളാണ് വിപണിയിലെത്തിച്ചത്.
ഇന്ത്യയിൽ ഐഫോൺ കയറ്റുമതിയിൽ വൻ വർധന
2025ൽ ആപ്പിളിന്‍റെ ഇന്ത്യയിലെ ഐഫോൺ കയറ്റുമതി കുത്തനെ ഉയർന്നതായാണ് മാർക്കറ്റ് ഇന്‍റലിജൻസ് സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ മാർക്കറ്റ് ഡാറ്റ ഉദ്ധരിച്ച് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്. 2025ൽ ആപ്പിളിന്‍റെ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിലെ മാർക്കറ്റ് വിഹിതം 9 ശതമാനമാണ്. 2024ൽ ഏകദേശം 7 ശതമാനം ഉണ്ടായിരുന്ന ആപ്പിൾ വിപണി ഇന്ത്യയിൽ വളർച്ച കൈവരിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. ആപ്പിളിന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വളർച്ചയ്‌ക്ക് പിന്നിൽ :
ഏറ്റവും പുതിയ ഐഫോൺ 17 സീരിസ് മുതൽ ഐഫോൺ 16 സീരിസ്, ഐഫോൺ 16e എന്നിവയുൾപ്പെടെയുള്ള കമ്പനിയുടെ ഐഫോണുകളുടെ വലിയ നിര തന്നെയാണ് ഈ വളർച്ചയ്‌ക്ക് പിന്നിലെന്ന് വിദഗ്‌ധർ പറയുന്നു. മാത്രമല്ല, ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി എളുപ്പത്തിൽ ആവശ്യക്കാരിലേക്ക് ലഭ്യമാക്കിയതും, ഇഎംഐകളും ബാങ്ക് ഓഫറുകളും പോലുള്ള ധനസഹായ ഓപ്ഷനുകൾ നൽകിയതും 2025ൽ മുൻ വർഷത്തേക്കാൾ വിപണി വിഹിതം ഉണ്ടാക്കുന്നതിന് ആപ്പിളിനെ സഹായിച്ചു.അതേസമയം, 2025ൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതി ഏകദേശം 152–153 ദശലക്ഷം യൂണിറ്റായി തുടരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.സമീപ വർഷങ്ങളിലായി ആപ്പിൾ തങ്ങളുടെ നിർമ്മാണ കേന്ദ്രങ്ങൾ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ക്രമേണ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ആപ്പിളിന്‍റെ പുതിയ അസംബ്ലി ഹബ്ബുകളിൽ ഒന്നാണ്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ് പങ്കിട്ട വിവരമനുസരിച്ച്, ആപ്പിൾ ഇന്ത്യയിൽ മൊത്തം 50 ബില്യൺ ഡോളർ (ഏകദേശം 4.51 ലക്ഷം കോടി രൂപ) വിലവരുന്ന ഐഫോൺ മോഡലുകൾ നിർമിച്ച് ഷിപ്പിങ് നടത്തി.
ഫോക്‌സ്‌കോൺ പോലുള്ള കരാർ നിർമ്മാതാക്കൾ വഴി, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള പിഎൽഐ പദ്ധതിയിൽ ആപ്പിളിനെ ഉൾപ്പെടുത്തിയിരുന്നു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം ഏകദേശം 16 ബില്യൺ ഡോളർ (ഏകദേശം 1.44 ലക്ഷം കോടി രൂപ) മൂല്യമുള്ള ഐഫോൺ മോഡലുകൾ കയറ്റുമതി ചെയ്യാൻ സാധിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷം മുതൽ ഇതുവരെയുള്ള മൊത്തം കയറ്റുമതി 50 ബില്യൺ ഡോളറായി.
ഐഫോൺ 18 സീരിസ് ലോഞ്ച് എപ്പോൾ?
2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും, കൂടാതെ ആപ്പിൾ ആരാധകർ വളരെക്കാലമായി കാത്തിരിക്കുന്ന ഫോൾഡബിൾ ഡിവൈസായ ഐഫോൺ ഫോൾഡും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ബേസ് മോഡലായ ഐഫോൺ 18, ഈ സീരിസിലെ പ്രോ മോഡലുകളെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവുള്ള ഐഫോൺ 18e, ഐഫോൺ എയർ 2 മോഡലുകൾക്കൊപ്പം 2027 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിനിടയിൽ പുറത്തിറക്കിയേക്കാം.