ആറന്മുള വള്ളസദ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്‌തു, ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യ  മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്‌തു, ഇന്ന്  തുടക്കം

പത്തനംതിട്ട: കേരളത്തിലെ പ്രധാന ക്ഷേത്രാചാരങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിയിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു.തുടർന്ന് തൂശനിലയിൽ മന്ത്രി വിഭവങ്ങൾ വിളമ്പി. ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തിൽവച്ച് വള്ളസദ്യ കഴിച്ചു. ആദ്യദിവസം 10 പള്ളിയോടങ്ങളാണ് പങ്കെടുത്തത്. ഇന്ന് തുടങ്ങിയ വള്ളസദ്യ സെപ്റ്റംബർ 16 വരെ നീളും.

ആറന്മുള പാർത്ഥസാരഥിക്ക് പള്ളിയോടക്കരക്കാർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം 64 ഇനം പാരമ്പര്യ വിഭവങ്ങളാണ് ഇലയില്‍ വിളമ്പുന്നത്.51 വള്ളങ്ങൾക്കായാണ് ഈ വർഷം വള്ളസദ്യ. ഓഗസ്റ്റ് 30ന് ഉതൃട്ടാതി ജലമേള നടക്കും. സെപ്റ്റംബർ നാലിന് അഷ്‌ടമിരോഹിണി സമൂഹ വള്ളസദ്യയും ഉണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സഹായത്തോടെ 56 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആറന്മുള വഴിപാട് വള്ളസദ്യ.570 ഓളം വള്ളസദ്യകള്‍ ഇക്കുറി നടക്കുമെന്നാണ് പള്ളിയോട സേവാസംഘം കണക്കാക്കുന്നത്. 502 വള്ളസദ്യകള്‍ ഇതിനകം ബുക്ക് ചെയ്‌തിട്ടുണ്ട്. തീർഥാടകർക്ക് ഇല ഒന്നിനു 300 രൂപ നിരക്കിൽ aranmulaboatrace.com വെബ്സൈറ്റിലൂടെ ബുക്ക് ചെയ്‌തു പ്രത്യേക പാസ് എടുത്തു വള്ളസദ്യയിൽ പങ്കാളിയാകാം. കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായും ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ഡിപ്പോകളില്‍ നിന്ന് ഇതിനായി സർവീസ് നടത്തുന്നുണ്ട്.

സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയില്‍ ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള വിവിധ കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച്‌ ഓരോ ദിവസങ്ങളിലായി പങ്കെടുക്കുക.ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആൻ്റോ ആൻ്റണി എംപി, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമൻ, മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി, വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, എഡിഎം ആർ രാജലക്ഷ്‌മി, പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി സാംബദേവൻ, പള്ളിയോട സേവാസംഘം ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.