അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്‍റീനിയൻ പോരാളിഒട്ടാമെൻഡി

അർജന്‍റീനയുടെ ഇതിഹാസ പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സ്പെയിനെതിരായ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് പിന്നാലെയാണ് 17 വർഷം നീണ്ടുനിന്ന തന്‍റെ സുവർണ്ണ കരിയറിന് 38-കാരനായ താരം വിരാമമിട്ടത്.ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഒട്ടാമെൻഡി വിരമിക്കൽ വിവരം ആരാധകരുമായി പങ്കുവെച്ചത്.
'എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് എനിക്ക് ഇന്ന് എഴുതേണ്ടി വരുന്നത്. വിധി നിശ്ചയിച്ചതുപോലെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ഉണ്ടായതെങ്കിലും, അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും സമർപ്പിച്ചു എന്ന പൂർണ്ണ തൃപ്‌തിയോടെ, അഭിമാനത്തോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ഒരു ലോക ചാമ്പ്യനാകുക എന്ന എന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് അർജന്‍റീനയ്ക്ക് നന്ദി," ഒട്ടാമെൻഡി കുറിച്ചു.
2022-ലെ ഫിഫ ലോകകപ്പ് കിരീടവും രണ്ട് തവണ കോപ്പ അമേരിക്ക കിരീടവും നേടിയ അർജന്‍റീനയുടെ സുവർണ്ണ തലമുറയിലെ പ്രധാന കരുത്തായിരുന്നു ഈ സെന്‍റര്‍ ബാക്ക്. അർജന്‍റീനയ്ക്കായി 139 അന്താരാഷ്ട്ര മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്. അമേരിക്കയിൽ നടന്ന ഈ വർഷത്തെ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് അർജന്‍റീന പരാജയപ്പെട്ടിരുന്നു. നിശ്ചിത ടൈമിലേക്ക് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് കിരീടം നഷ്‌ടമായത്. ഇതോടെ ഒട്ടാമെൻഡിയുടെ ലോകകപ്പ് നിലനിർത്താനുള്ള സ്വപ്‌നവും അവസാന മത്സരത്തോടെ പൊലിഞ്ഞു.ലയണൽ മെസ്സിയുടെ നായകത്വത്തിന് കീഴിൽ ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് ലാ അൽബിസെലെസ്റ്റെ പുറത്തെടുത്തത്. നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്‌തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയം നേടിയ അർജന്‍റീന, സെമി ഫൈനലിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ഫൈനലിൽ എത്തിയത്. എന്നാൽ ഫൈനലിൽ ലൂയിസ് ഡി ലാ ഫുവെന്‍റെയുടെ കീഴിലിറങ്ങിയ സ്പെയിന്‍റെ കരുത്തിന് മുന്നിൽ അർജന്‍റീനയ്ക്ക് കിരീടം കൈവിടേണ്ടി വന്നു.
യൂറോപ്യൻ ഫുട്ബോളിൽ പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഒട്ടാമെൻഡി അടുത്തിടെയാണ് യൂറോപ്യൻ കരിയർ അവസാനിപ്പിച്ച് സ്വന്തം നാട്ടിലെ പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് ചേക്കേറിയത്. രാജ്യത്തിനായി നാല് ഫിഫ ലോകകപ്പുകളിൽ കളിച്ച ഒട്ടാമെൻഡി അർജന്‍റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളായാണ് കരിയർ അവസാനിപ്പിക്കുന്നത്.