"സ്പെയിനിൻ്റെ ചരിത്ര നിമിഷം ട്രംപ് തട്ടിയെടുക്കാൻ ശ്രമിച്ചു" :കായികപ്രേമികളെ വെറുപ്പിച്ച ട്രംപിനെതിരെ വിമർശനം

മിയാമി: അർജൻ്റീനയെ വീഴ്ത്തി സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം ചൂടിയെങ്കിലും, കായികലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് മറ്റൊരു 'നാടകീയ' രംഗത്തെക്കുറിച്ചാണ്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിൽ സ്പാനിഷ് പട കിരീടമുയർത്തുന്നതിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അനാവശ്യമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ജനരോഷവും വിമർശനങ്ങളും ഉയർത്തുന്നു.
മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയ്ക്കൊപ്പമാണ് ഡൊണാൾഡ് ട്രംപ് മെഡലുകളും ട്രോഫിയും വിതരണം ചെയ്യാനായി വേദിയിലെത്തിയത്. സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം, സാധാരണയായി ഭരണാധികാരികൾ വേദിയിൽ നിന്ന് മാറി കളിക്കാർക്ക് മാത്രമായി ആ നിമിഷം വിട്ടുകൊടുക്കാറാണ് പതിവ്. എന്നാൽ ട്രോഫി കൈമാറിയിട്ടും ട്രംപ് വേദിയിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല.
സ്പാനിഷ് താരങ്ങൾ ചരിത്ര നിമിഷം ക്യാമറകളിൽ പകർത്താൻ ഒരുങ്ങുമ്പോഴും ട്രംപ് മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു. ഇൻഫാൻ്റിനോ പലതവണ ആംഗ്യത്തിലൂടെയും നേരിട്ടെത്തിയും ട്രംപിനെ വശത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ക്യാമറക്കണ്ണുകൾക്ക് മുന്നിൽ തന്നെ തുടർന്നു. ഒടുവിൽ ക്യാപ്റ്റൻ റോഡ്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഒരല്പം മാറിയത്. എങ്കിലും ഫോട്ടോകളിൽ സ്പാനിഷ് താരങ്ങൾക്കൊപ്പം ട്രംപും വ്യക്തമായി പതിഞ്ഞിരുന്നു.
ട്രംപിൻ്റെ ഈ വേദിയിലെ സാന്നിധ്യത്തിന് മറ്റൊരു രാഷ്ട്രീയ മാനം കൂടിയുണ്ടായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന നാറ്റോ ഉച്ചകോടിയിൽ സ്പെയിൻ പ്രതിരോധ മേഖലയിൽ വേണ്ടത്ര പണം ചിലവഴിക്കുന്നില്ലെന്ന് ആരോപിച്ച് ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സ്പെയിൻ ഒരു "വേസ്റ്റ് കേസ്" ആണെന്നും അവിടുത്തുകാർ "മോശം ആളുകളാണെന്നും" പറഞ്ഞ ട്രംപ്, അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കണമെന്ന് വരെ ഭീഷണി മുഴക്കിയിരുന്നു.താൻ പരസ്യമായി അധിക്ഷേപിച്ച അതേ രാജ്യത്തിൻ്റെ താരങ്ങൾക്ക് ദിവസങ്ങൾക്കകം ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം സ്വന്തം കൈപ്പടയിൽ നിന്ന് നൽകേണ്ടി വന്നത് ട്രംപിനും വലിയൊരു തിരിച്ചടിയായി മാറുകയായിരുന്നു.വേദിയിൽ കയറിയത് മുതൽ കാണികളിൽ നിന്നും വലിയ രീതിയിലുള്ള കൂവലേറ്റുവാങ്ങിയാണ് ട്രംപ് മടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് ട്രംപിനെതിരെ ഉയരുന്നത്.
കഴിഞ്ഞ വര്‍ഷം ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി-യെ 3-0 ന് തോൽപ്പിച്ച് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി കിരീടം ചൂടിയപ്പോഴും സമാന സംഭവം അരങ്ങേറിയിരുന്നു. മെഡലുകളും ട്രോഫിയും സമ്മാനിക്കാൻ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയ്‌ക്കൊപ്പം ട്രംപും വേദിയിലെത്തിയിരുന്നു. ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസിന് ട്രോഫി കൈമാറിയ ശേഷം ട്രംപ് അവിടെനിന്ന് മാറി കൊടുക്കാൻ തയ്യാറായില്ല.
ചെൽസി താരങ്ങൾ ട്രോഫിയുമേന്തി ആഹ്ലാദപ്രകടനം നടത്തുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുമ്പോൾ, ട്രംപ് അവർക്കിടയിൽ കയറി നിന്ന് കൈയടിക്കുകയും തുള്ളുകയും ചെയ്തുകൊണ്ടിരുന്നു. ഇത് കളിക്കാരെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. "ട്രോഫി തന്നതിനുശേഷം അദ്ദേഹം വേദി വിട്ടുപോകുമെന്നാണ് ഞങ്ങൾ കരുതിയത്, എന്നാൽ അദ്ദേഹം അവിടെത്തന്നെ തുടർന്നു" എന്ന് ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. അന്ന് ഇൻഫാൻ്റിനോ നേരിട്ടെത്തിയാണ് ട്രംപിനെ ഒടുവിൽ മറ്റൊരു വശത്തേക്ക് മാറ്റിയത്.