ഇറാന്‍റെ മിസൈല്‍ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന അസംസ്വദേശി നാട്ടിലേക്ക് മടങ്ങി

ഇറാന്‍റെ മിസൈല്‍ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന അസംസ്വദേശി  നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ അല്‍ ഖർജില്‍ മിസൈല്‍ അവശിഷ്ടം പതിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്ന് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങി.വിദഗ്ധ ചികിത്സയെത്തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഡോക്ടർമാരുടെ അനുമതിയോടെയുള്ള ഇദ്ദേഹത്തിന്റെ മടക്ക യാത്ര സാധ്യമായത്.ചികിത്സാ കാലയളവിലുടനീളം റിയാദിലെ ഇന്ത്യൻ എംബസി നല്‍കിയ അടിയന്തര കോണ്‍സുലർ സഹായങ്ങളും സജീവമായ ഇടപെടലുകളുമാണ് അസമിന്റെ ജീവൻ രക്ഷിക്കുന്നതിലും നാട്ടിലേക്കുള്ള സുരക്ഷിതമായ മടക്കത്തിലും നിർണായകമായത്. ഈ വർഷം മാർച്ച്‌ എട്ടിന് ഇറാൻ വിക്ഷേപിച്ച മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു  നശിപ്പിക്കുന്നതിനിടെയാണ് അല്‍ ഖർജ് മേഖലയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ താഴെ പതിച്ചത്. 

ഒരു സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടർന്നുണ്ടായ ദരുണമായ അപകടത്തില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലാണ് പ്രവേശിപ്പിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ഇന്ത്യൻ എംബസി വെല്‍ഫെയർ വിങ് കോണ്‍സുലർ സാബിർ അല്‍ ഖർജിലെ അപകട സ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അസം ഒരു മാസത്തോളം ബോധരഹിതനായി വെൻറിലേറ്ററിലായിരുന്നു. 

ഈ ഘട്ടത്തില്‍, ഇന്ത്യൻ അംബാസഡർ ഡോ. സുഹേല്‍ അജാസ് ഖാൻ ആശുപത്രിയിലെത്തി അസമിനെ സന്ദർശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ എംബസിയുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ബോധം വീണ്ടെടുത്ത അസമിന്റെ ചികിത്സാ പുരോഗതി എംബസി അധികൃതർ നിരന്തരം നിരീക്ഷിക്കുകയും, ആശുപത്രി അധികൃതരുമായും നാട്ടിലെ കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു. ആരോഗ്യ നിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ അസമിന് യാത്രാനുമതി നല്‍കിയത്.

തുടർന്ന് അടിയന്തര യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയാക്കി ഇന്ത്യൻ എംബസി അദ്ദേഹത്തിന്റെ മടക്കയാത്ര ഏകോപിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ പിന്തുണയും സമയ ബന്ധിതമായി ഉറപ്പാക്കാൻ കഴിഞ്ഞതില്‍ എംബസി വൃത്തങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി.അസമിന് മികച്ച പരിചരണം നല്‍കിയ കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും, തുടക്കം മുതല്‍ എല്ലാവിധ പിന്തുണയും നല്‍കിയ തൊഴിലുടമയ്ക്കും ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി പ്രത്യേകം നന്ദി അറിയിച്ചു. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാല്‍ വീല്‍ചെയറിലായിരുന്നു അസമിന്റെ യാത്ര. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ ഇന്ത്യൻ എംബസി അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിൻറ് കണ്‍വീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അസമിനെ യാത്രയാക്കി.