പ്രവാസികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിൽ കുറവ്

പ്രവാസികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിൽ  കുറവ്

അബുദാബി: അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിൽ കുറവ് . ജൂലൈ, ഓഗസ്റ്റ് യാത്രാ സീസണുകൾക്ക് മുന്നോടിയായി വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ പുനഃസ്ഥാപിച്ചതാണ് നിരക്കുകൾ കുറയാൻ കാരണമായത്.

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകളിലാണ് പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ വലിയ കുറവുണ്ടായിരിക്കുന്നത്. നേരത്തെ 3500 മുതൽ 3600 ദിർഹം വരെ ഉയർന്നുനിന്ന ടിക്കറ്റ് നിരക്കുകൾ നിലവിൽ 2600 ദിർഹം വരെയായി കുറഞ്ഞിട്ടുണ്ട്. ഇത് സാധാരണക്കാരായ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ള ഇന്ത്യ യുഎഇ റൂട്ടിലാണ് ഇപ്പോൾ നിരക്കിൽ ഇളവുകൾ വന്നിട്ടുള്ളത്. സാധാരണയായി വേനൽക്കാല അവധി പ്രമാണിച്ചുള്ള സ്കൂൾ പൂട്ടലും മറ്റും കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ് പതിവ്. വിമാനങ്ങളുടെ പരിമിതമായ ലഭ്യതയും ഉയർന്ന ആവശ്യകതയും പ്രാദേശികമായ ചില തടസ്സങ്ങളുമാണ് ഈ മാസത്തിന്റെ തുടക്കത്തിൽ വലിയ രീതിയിലുള്ള നിരക്ക് വർദ്ധനവിന് കാരണമായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും നിരക്കുകൾ ഉയർന്ന നിലയിലാണെന്നും യാത്രാ സീസൺ കൂടുതൽ സജീവമാകുന്നതോടെ നിരക്കുകൾ വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും വ്യോമയാന രംഗത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.