ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും

തൃശൂർ: രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. അതും കേരളത്തിൽ ! കാപ്പചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് ഇന്ന് രാവിലെ 11ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയർ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുക്കും.കാപ്പ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങളോ ഇളവുകളോ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ഉൾപ്പെടെയുള്ളവർ സുഗതൻ്റെ അപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തു. എന്നാൽ, അസാധാരണ സാഹചര്യങ്ങളിൽ ജനാധിപത്യവും ജനഹിതവും സംരക്ഷിക്കാൻ അസാധാരണ തീരുമാനങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജയിലിനുള്ളിൽ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്.
ആർ. സുഗതന് ജയിലിൽ പുനഃപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധി തിരുവനന്തപുരം മേയർ വി.വി രാജേഷ് സ്വാഗതം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ലെന്നും, അഞ്ച് വർഷവും ബിജെപി തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൗൺസിലർ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായ കോടതി നിലപാടുകൾ ഉള്ളതിനാലാണ് ഇത്തരം ആരോഗ്യകരമായ വിധികൾ ഉണ്ടാകുന്നതെന്നും മേയർ കൂട്ടിച്ചേർത്തു. കോടതി പറഞ്ഞ സമയത്ത് തന്നെ സത്യപ്രതിജ്ഞ നടത്തുമെന്നും, ഇതിനായി ഇന്നലെ തന്നെ തൃശൂരിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിലും പഞ്ചായത്ത് രാജ് ചട്ടപ്രകാരം അയോഗ്യത വരാനുള്ള സാധ്യതയുണ്ട്. എന്നാൽ കൗൺസിൽ യോഗത്തിൽ ഒപ്പുവച്ചില്ലെങ്കിലും ആർക്കും അയോഗ്യത ഉണ്ടാകില്ലെന്നും വി.വി രാജേഷ് വ്യക്തമാക്കി.
സത്യപ്രതിജ്ഞാ വേളയിൽ ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെയും പേരിൽ പ്രതിജ്ഞ ചെയ്തതിന് സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതി നിർദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എന്നാൽ, ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിലായതിനാൽ സുഗതന് മാത്രം സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂൺ 9 മുതലാണ് കാപ്പ ചുമത്തി സുഗതനെ ജയിലിലടച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താൻ സുഗതൻ്റെ സത്യപ്രതിജ്ഞ അനിവാര്യമാണ്.
https://www.worldm.news/keralam/high-court-allows-r-sugathan--32458