ഇന്ത്യൻ നിരത്തുകൾക്കായി പ്രത്യേകം നിർമിച്ച ആഢംബര ഇലക്ട്രിക് കാറുമായി ബിഎംഡബ്ല്യു
മുംബൈ: ആഡംബര കാറുകളുടെ രാജാവായ ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ശക്തമായ എഞ്ചിനും മികച്ച പ്രടനവുമാണ് ലക്ഷ്വറി കാറുകൾക്കിടയിൽ ബിഎംഡബ്ല്യുവിനെ ഹൈലൈറ്റ് ചെയ്യുന്നത്. ഇലക്‌ട്രിക് വാഹനങ്ങളിലും ഇതുപോലെ തന്നെ കൊണ്ടുവരാൻ ബിഎംഡബ്ല്യു ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ കമ്പനി പുതിയ ലോങ്-വീൽബേസ് ബിഎംഡബ്ല്യു ഐ5 (BMW i5 LWB) സെഡാൻ പുറത്തിറക്കാനിരിക്കുകയാണ്.ഈ കാർ 2026 തുടക്കത്തിൽ പുറത്തിറക്കുമെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ ചെന്നൈ പ്ലാന്‍റിലായിരിക്കും പുതിയ കാർ അസംബിൾ ചെയ്യുക. ഇത് ബിഎംഡബ്ല്യു ഐഎക്‌സ് 1 നൊപ്പം ചേരും. മാത്രമല്ല, വരാനിരിക്കുന്നത് ബിഎംഡബ്ല്യു പ്രാദേശികമായി നിർമ്മിക്കുന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് സെഡാൻ കൂടിയാവും.ബിഎംഡബ്ല്യുവിന്‍റെ 530Li മോഡലിനും i5 M60 മോഡലിനും ഇടയിലായിരിക്കും വരാനിരിക്കുന്ന i5 LWB പെർഫോമൻസിന്‍റെ കാര്യത്തിൽ ഇടംപിടിക്കുക. അതിനാൽ തന്നെ വരാനിരിക്കുന്ന ആഡംബര കാർ കമ്പനിയുടെ ഇലക്ട്രിക് വാഹന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ സംശയമില്ല. നിർത്തലാക്കപ്പെട്ട ഡീസൽ 5 സീരിസിനെ മാറ്റിസ്ഥാപിക്കുക കൂടിയാണ് പുതിയ ലോങ്-വീൽബേസ് ബിഎംഡബ്ല്യു ഐ5 ലക്ഷ്യമിടുന്നത്.ഇന്ത്യൻ നിരത്തുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്‌തതും, ചേസിസിൽ മാറ്റങ്ങൾ വരുത്തിയതും കാരണമാണ് കാറിന്‍റെ ലോഞ്ച് വൈകിയത്. ഇന്ത്യയിലേക്ക് വരുന്ന BMW i5 LWBയുടെ പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, ഇത് eDrive40L വേരിയന്‍റിലായിരിക്കും പുറത്തിറക്കുക. ഇത് റിയർ-വീൽ-ഡ്രൈവ് സജ്ജീകരണവും 335 bhp പവറും 430 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കും.
97 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കാറിന് പവർ നൽകുക. ചൈനയിൽ, ഇതേ കോൺഫിഗറേഷൻ 713 കിലോമീറ്റർ വരെ CLTC-റേറ്റഡ് റേഞ്ച് നൽകുന്നു. അതേസമയം ഇന്ത്യൻ പതിപ്പിൽ റേഞ്ച് അൽപ്പം കുറവായിരിക്കാം. പൂർണ്ണമായ ആക്‌സിലറേഷനു മുൻഗണന നൽകുന്നതിനുപകരം കാര്യക്ഷമതയുടെയും പ്രകടനത്തിന്‍റെയും സന്തുലിത മിശ്രിതം നൽകുന്നതിനാണ് ബിഎംഡബ്ല്യു ഈ പതിപ്പിനെ രൂപകൽപ്പന ചെയ്യുന്നത്.
രാജ്യത്തെ വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ബിഎംഡബ്ല്യു ഐ5 LWBയുടെ പ്രത്യേക ഇന്ത്യൻ പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിന്‍റെ സോഫ്റ്റ് സസ്‌പെൻഷനും കുറഞ്ഞ റൈഡ് ഉയരവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എടുത്തുകാണിച്ച ആദ്യകാല പരീക്ഷണങ്ങളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്‍റെ അടിസ്ഥാനത്തിൽ, ഗ്രൗണ്ട് ക്ലിയറൻസിൽ വർദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതായിരിക്കും പ്രധാന എഞ്ചിനീയറിങ് അപ്‌ഡേറ്റുകളിൽ ഒന്ന്.

