കനേഡിയൻ ശതകോടീശ്വരനും വ്യവസായിയുമായ ഫ്രാങ്ക് സ്ട്രോനാക്ക് കുറ്റക്കാരനെന്ന് കോടതി

ഒട്ടാവ: ലൈംഗികാതിക്രമം, അസഭ്യമായ ആക്രമണം എന്നീ കുറ്റകൃത്യങ്ങളിൽ കനേഡിയൻ ശതകോടീശ്വരനും വ്യവസായിയുമായ ഫ്രാങ്ക് സ്ട്രോനാക്കിനെ കുറ്റക്കാരനായി കോടതി കണ്ടെത്തി. ഒന്റാറിയോ സുപ്പീരിയർ കോടതി ജസ്റ്റിസ് ആൻ മോളോ ആണ് വിധി പുറപ്പെടുവിച്ചത് . 1970-കളുടെ അവസാനം മുതൽ 1980-കളുടെ തുടക്കം വരെയുള്ള കാലയളവിൽ രണ്ട് വ്യത്യസ്ത സ്ത്രീകൾക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ പേരിലാണ് 93-കാരനായ സ്ട്രോനാക്കിനെതിരെ കോടതി നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പെരുമാറ്റം “അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും അറപ്പുളവാക്കുന്നതും”ആണെന്ന് വിധിന്യായത്തിൽ ജഡ്ജി രേഖപ്പെടുത്തി.1980-കളുടെ തുടക്കത്തിൽ ഒരു സ്ത്രീയെ ടൊറന്റോയിലെ തന്റെ വസതിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഇദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൂടാതെ, 1970-കളുടെ അവസാനത്തിൽ മറ്റൊരു സ്ത്രീയെ വസതിയിൽ വെച്ച് ലൈംഗികമായി അപമാനിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്. അതേസമയം, സ്ട്രോനാക്കിനെതിരെ ചുമത്തിയിരുന്ന ബലാത്സംഗം, ബലാത്സംഗത്തിന് ശ്രമിക്കൽ തുടങ്ങിയ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് കോടതി ഇദ്ദേഹത്തെ വെറുതെവിട്ടു. പ്രതിഭാഗം അഭിഭാഷകർ ഈ വിധിയെ ഭാഗികമായ വിജയമായിട്ടാണ് കാണുന്നത്. എങ്കിലും രണ്ട് കേസുകളിൽ ശിക്ഷ ഉറപ്പായതോടെ വരാനിരിക്കുന്ന ദിവസങ്ങളിൽ സ്ട്രോനാക്കിന് ശിക്ഷാവിധി പ്രഖ്യാപിക്കും.
1957-ൽ ഓട്ടോ പാർട്സ് കമ്പനിയായ ‘മാഗ്ന ഇന്റർനാഷണൽ’ സ്ഥാപിച്ചുകൊണ്ട് കാനഡയിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായി മാറിയ വ്യക്തിയാണ് ഓസ്ട്രിയൻ വംശജനായ ഫ്രാങ്ക് സ്ട്രോനാക്. 2010-ൽ കമ്പനിയിലെ തന്റെ നിയന്ത്രണം ഒഴിഞ്ഞ ശേഷം ഇദ്ദേഹത്തിന് മാഗ്ന ഇന്റർനാഷണലുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2024-ലാണ് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമെ, വരും വർഷവും മറ്റൊരു ലൈംഗികാതിക്രമക്കേസിൽ ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്